ബോധവൽക്കരണവുമായി സഞ്ചരിക്കുന്ന വിവിപാറ്റ് 

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സഞ്ചരിക്കുന്ന വിവിപാറ്റ് വാഹനം ജില്ലയിൽ പ്രയാണമാരംഭിച്ചു. വാഹനം ജില്ലാ കലക്ടർ മീർ മുഹമ്മദലി ഫ്‌ളാഗ് ഓഫ് ചെയ്തു.

15 ദിവസമാണ് വാഹനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നത്. ആവശ്യമെങ്കിൽ ഇത് തെരഞ്ഞെടുപ്പ് വരെ നീളും. വാഹനത്തിന്റെ അകത്ത് കയറി നമുക്ക് മെഷീനിനെ പരിചയപ്പെടാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. വേണ്ട നിർദേശങ്ങൾ നൽകാൻ രണ്ടുപേർ വാഹനത്തിലുണ്ടാകും.

വിവിപാറ്റ് മെഷീനിലൂടെ ഏത് സ്ഥാനാർഥിക്കാണ് നമ്മൾ വോട്ട് ചെയ്തിരിക്കുന്നത് എന്ന് സമ്മതിദായകന് പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. വോട്ട് ചെയ്ത് കഴിഞ്ഞാൽ വിവിപാറ്റ് മെഷീനിൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ സീരിയൽ നമ്പറും ചിഹ്നവും പ്രിന്റ് ചെയ്ത സ്ലിപ്പ് ഏഴ് സെക്കന്റോളം തെളിഞ്ഞ് നിൽക്കും. കൂടാതെ ഇത് മെഷീനിൽ തന്നെ സൂക്ഷിക്കപ്പെടുകയും ചെയ്യും. വോട്ടർ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന സമ്മതിദായകന്റെ സംശയം ഇല്ലാതാക്കാനും വോട്ടെണ്ണൽ സമയത്തുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും വിവിപാറ്റ് മെഷീനിലൂടെ സാധിക്കും. തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനപ്രകാരമായിരിക്കും വിവിപാറ്റ് മെഷീനിലെ പ്രിന്റഡ് സ്ലിപ്പ് വോട്ടുകൾ പരിശോധിക്കുക. ബോധവൽക്കരണത്തിനായി പ്രത്യേകം തയ്യാറാക്കിയ വാഹനം ബാലൻ താനൂർ ആണ് രൂപകൽപന ചെയ്തത്.

കലക്ടറേറ്റ് പരിസരത്തു നടന്ന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി പി ജയരാജൻ, ഡെപ്യൂട്ടി കലക്ടമാരായ പി എൻ പുരുഷോത്തമൻ,  സി എം ഗോപിനാഥ്, ജെസി ജോൺ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: