കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിൽ ജില്ലയിൽ വൻ മുന്നേറ്റം, നടപ്പാക്കുന്നത് 210 കോടിയുടെ റോഡ് പ്രവൃത്തികൾ

 ജില്ലയിൽ നടപ്പിലാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ മികച്ച മുന്നേറ്റം ഉണ്ടായതായി ദിശ യോഗം വിലയിരുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയത് 2018-19 വർഷമാണെന്ന് യോഗത്തിൽ അറിയിച്ചു. 39,87,766 തൊഴിൽ ദിനങ്ങൾ അനുവദിച്ചതിലൂടെ 78,662 കുടുംബങ്ങൾക്കാണ് ഈ വർഷം തൊഴിൽ ലഭിച്ചത്. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിൽ 4.63 കോടി രൂപയുടെ പ്രവൃത്തി പുരോഗമിച്ചു വരുന്നതായും ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നാലാംപാദ യോഗം വിലയിരുത്തി. 

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പൂർത്തീകരണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ജില്ല. 94 ശതമാനം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. സെൻട്രൽ റോഡ് ഫണ്ടിൽ 210 കോടി രൂപയുടെ പദ്ധതികളാണ് ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ഇതിൽ പിണറായി-വെണ്ടുട്ടായി കമ്പൗണ്ടർഷോപ്പ്, ഉളിക്കൽ-പേരട്ട, കൂട്ടുമുഖം-പൂവം, തൃക്കരിപ്പൂർ-മാതമംഗലം റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും സൗജന്യമായി കമ്പോസ്റ്റ് പിറ്റും സോക്ക് പിറ്റും നിർമ്മിച്ച് നൽകുമെന്നും നാഷണൽ റർബൻ മിഷനിൽ ഉൾപ്പെടുത്തി പെരളശ്ശേരി-ചെമ്പിലോട്, പിണറായി-വേങ്ങാട് ക്ലസ്റ്ററുകൾക്ക് 30 കോടി രൂപ വീതം കേന്ദ്ര വിഹിതം ലഭിക്കുമെന്നും യോഗം അറിയിച്ചു. 

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ സർക്കാർ സ്‌കൂളുകളിലും അടുക്കളയും ഊൺ മുറിയും ചുറ്റുമതിലും തയ്യാറാക്കുന്നതിന് മുൻഗണന നൽകണമെന്നും സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതികൾക്ക് വകയിരുത്തേണ്ട മുഴുവൻ വിഹിതവും അടിയന്തരമായി വകയിരുത്തണമെന്നും പഞ്ചായത്തുകളോട് യോഗം ആവശ്യപ്പെട്ടു. മാർച്ച് ഏഴിനുള്ളിൽ പിഎംഎവൈ ഗ്രാമീൺ പദ്ധതിയിൽ എസ്ഇസിസി മാനദണ്ഡങ്ങൾ പ്രകാരം പുതിയ ഗുണഭോക്താക്കളെ ചേർക്കാൻ നടപടി കൈക്കൊള്ളണമെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ദിശ പ്രൊജക്ട് ഡയറക്ടർ യോഗത്തെ അറിയിച്ചു. അനധികൃത അക്ഷയ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും അന്വേഷണം നടന്നുവരുന്നതായും അക്ഷയ കോ-ഓർഡിനേറ്റർ വ്യക്തമാക്കി. 

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പികെ ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ഇപി ലത, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി, പി എ യു പ്രൊജക്ട് ഡയറക്ടർ കെ എം രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യമായി അങ്കണവാടി നിർമ്മാണം പൂർത്തിയാക്കിയ കൂടാളി ഗ്രാമപഞ്ചായത്തിനും, തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഡിജിറ്റൽ ആൽബം തയ്യാറാക്കിയതിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയ കല്യാശ്ശേരി, പാനൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കും ചടങ്ങിൽ ഉപഹാരം നൽകി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: