ബീമാപ്പള്ളിയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികൾക്ക് ഭവനസമുച്ചയം: മുഖ്യമന്ത്രി നിർമാണോദ്ഘാടനം നിർവഹിച്ചു

കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ബീമാപ്പള്ളിയിലും വലിയതുറയിലും ഭവനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബീമാപ്പള്ളിയിൽ റവന്യൂ വകുപ്പിന് കൈമാറിയ 32 സെൻറ് സ്ഥലത്തും, വലിയതുറയിൽ ഏറ്റെടുത്ത 294 സെൻറ് സ്ഥലത്തുമാണ് ഫ്‌ളാറ്റ് സമുച്ചയം നിർമിക്കുന്നത്. 

ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വീട് മാത്രമല്ല, സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനും സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ജാക്കറ്റ്, നാവിക്, ജി.പി.എസ് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ജില്ലയിൽതന്നെ കാരോട് മത്സ്യത്തൊഴിലാളി ഭവന പദ്ധതിക്ക് തുടക്കമായി. ആലപ്പുഴയിലും ഭവന നിർമാണപദ്ധതി ആരംഭിക്കുന്നുണ്ട്. തീരദേശ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പുതിയ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ. ആൻസലൻ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കൗൺസിലർമാരായ സജീന ടീച്ചർ, ബീമാപ്പള്ളി റഷീദ്, പ്രിയാ ബിജു, പീറ്റർ സോളമൻ, ഹസ്സൻ അഷറഫി ഫാളിൽ അൽ ബാഖവി തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് സ്വാഗതവും ഫിഷറീസ് ദക്ഷിണമേഖലാ ജോയിൻറ് ഡയറക്ടർ ലൈലാ ബീവി നന്ദിയും പറഞ്ഞു.

168 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഭവന സമുച്ചയങ്ങളാണ് ബീമാപ്പള്ളിയിലും വലിയതുറയിലുമായി ഉയരുക. 10 ലക്ഷം രൂപ അടങ്കൽ വരുന്ന ഓരോ വ്യക്തിഗത ഫ്‌ള്ാറ്റിലും ഒരു ഹാൾ, രണ്ടു കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ് എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. 540 ചതുരശ്ര അടിയാണ് ഓരോ ഫ്‌ളാറ്റും. ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണപ്രവൃത്തികൾ നടത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: