പെൺകുട്ടിയുടെ വസ്ത്രത്തിനു മുകളിലൂടെ രഹസ്യഭാഗം പിടിച്ചത് പോക്സോ കേസല്ലെന്ന വിവാദ വിധി മരവിപ്പിച്ച് സുപ്രീം കോടതി


ന്യൂഡൽഹി: വസ്ത്രത്തിനു മുകളിൽ കൂടി പെൺകുട്ടിയുടെ മാറിടത്തിൽ കടന്നു പിടിച്ച സംഭവത്തിൽ പ്രതിയെ പോക്സോ കേസിൽ നിന്ന് മുക്തനാക്കിയ ബോംബേ ഹൈക്കോടതി വിധിയ്ക്കെതിരെ അറ്റോര്‍ണി ജനറൽ. വിധി തെറ്റായ കീഴ്‍വഴക്കമുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് വിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കി.

ബോംബേ ഹൈക്കോടതിയുടെ നടപടി അസ്വസ്ഥതയുളവാക്കുന്നതാണെന്നും ഇതിനു പ്രത്യാഘാതങ്ങളുണ്ടാകുമെന്നും എജി സുപ്രീം കോടതിയെ അറിയിച്ചു. സംഭവത്തിൽ സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസയച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹര്‍ജി നല്‍കാനും അറ്റോര്‍ണി ജനറലിന് സുപ്രീം കോടതി അനുമതി നല്‍കി.

ജനുവരി 19നായിരുന്നു ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കേസിൽ വിവാദ വിധി പുറപ്പെടുവിച്ചത്. 12 വയസ്സുള്ള പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ ബലമായി അഴിച്ചു മാറ്റാനും ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാൽ പ്രതി കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റുകയോ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിൻ്റെ ഉത്തരവ്. അതേസമയം, ഐപിസി വിവിധ വകുപ്പുകള്‍ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധിയ്ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

2016ൽ നടന്ന സംഭവത്തിലായിരുന്നു വിവാദമായ ഉത്തരവ്. 39കാരനായ പ്രതി പേരയ്ക്കാ തരാമെന്ന് പറഞ്ഞ് 12കാരിയായ കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടു പോകുകയും ലൈംഗികമായി ദുരുപയോഗിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ കുട്ടിയുടെ നിലവിളി കേട്ട് അമ്മ അടക്കമുള്ളവര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. എന്നാൽ പ്രതിയുടെയും ഇരയുടെയും ചര്‍മം തമ്മിൽ നേരിട്ട് സമ്പര്‍ക്കമുണ്ടാകാത്ത സാഹചര്യത്തിൽ ഇത് ലൈംഗികപീഡനമാകില്ലെന്നാണ് പോക്സോ നിയമത്തിൽ വിശദീകരിക്കുന്നതെന്ന് ബോബേ ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: