വ്യാപാരി ലൈസൻസ് ഭേദഗതിക്ക് കോർപ്പറേഷന്റെ അംഗീകാരം

കണ്ണൂർ: ലൈസൻസിന് വിരുദ്ധമായി വ്യാപാരം നടത്തിയാൽ ലൈസൻസ് റദ്ദാക്കാനും 5 ലക്ഷം പിഴ ഈടാക്കാനുമുള്ള സർക്കാർ ഭേദഗതി ഇന്നലെ അടിയന്തിരമായി ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വ്യത്യസ്ത നിരക്കിൽ ലൈസൻസ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കാനാണ് സർക്കാരിന്റെ ഭേദഗതി.

നിരക്ക് ഏകീകരണത്തിന്റെ മറവിൽ ഭീമമായ ലൈസൻസ് ഫീസ് നൽകേണ്ടിവരുമെന്ന് ഇതിനകം വ്യാപാരികൾ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപറേഷനും ഭേദഗതി അംഗീകരിച്ചത്. മൈക്രോ, മിനി, സ്‌മോൾ, മീഡിയം, ലാർജ് എന്നിങ്ങനെ അഞ്ച് സ്ളാബ് അടിസ്ഥാനത്തിൽ സേവനമേഖലക്കും ഉത്പ്പാദന മേഖലയെന്ന നിലയിൽ 500 രൂപ മുതൽ 15,000 രൂപവരെയാണ് ഇനി മുതൽ ലൈസൻസ് ഫീസ്.

ജനുവരി മുതൽ തന്നെ വ്യാപാരികളും വ്യവസായികളും ചെറുകിട കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ലൈസൻസ് ഫീസ് അടക്കാൻ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സർക്കാർ ലൈസൻസ് ഫീസ് ഏകീകരിച്ചുള്ള ഉത്തരവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതുവരെയും ലൈസൻസ് ഫീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കൗൺസിലിന് അധികാരം ഉണ്ടായിരുന്നു. ഇനി മുതൽ ഈ അധികാരം സർക്കാറിനാണ്.

യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .കെ .രാഗേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുരേഷ് ബാബു എളയാവൂർ, മുസ്ലി മഠത്തിൽ, എൻ.സുകന്യ, ടി .രവീന്ദ്രൻ, അഡ്വ. അൻവർ, ഷാഹിദ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: