പിണറായി വിജയന്‍ മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ.

പിണറായി വിജയന്‍ മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്താന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. മന്ത്രി ഇ.പി. ജയരാജനാണ് സംഘാടക സമിതി ചെയര്‍മാന്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ എട്ടു ദിവസത്തെ എക്‌സിബിഷന്‍, വികസന സെമിനാറുകള്‍, പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം, പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കല്‍, സാംസ്‌കാരിക പരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, മാരത്തണ്‍ തുടങ്ങിയവ നടത്തും. 20ന് ഉദ്ഘാടനത്തോടെ എക്‌സിബിഷന്‍ തുടങ്ങും. 27ന് തദ്ദേശ സ്ഥാപനങ്ങളുടെ ഫ്ളോട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സാംസ്‌കാരിക ഘോഷയാത്ര നടത്തും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ വികസന സെമിനാറുകളും വിവിധ പരിപാടികളും നടത്തും. സ്‌കൂളുകളിലും കോളജുകളിലും ‘മാലിന്യവിമുക്ത കേരളം’ എന്ന വിഷയത്തില്‍ സെമിനാറുകളും വൃക്ഷത്തൈ നടലും സംഘടിപ്പിക്കും. വ്യവസായ ശാലകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവൃത്തിദിനം നഷ്ടപ്പെടുത്താതെ ശുചീകരണം നടത്തും.

പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ കേരളം ലോകശ്രദ്ധ പിടിച്ചുപറ്റിയതായി മന്ത്രി പറഞ്ഞു. പ്രളയത്തിന് ഇരയായവര്‍ക്കുള്ള ദുരിതാശ്വാസ വിതരണം കൃത്യമായി നടന്നുവരികയാണ്. ഒരു തരത്തിലും ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ വെട്ടിച്ചുരുക്കില്ല. എല്ലാ സമാശ്വാസ പദ്ധതികളും തുടരുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായാണ് സംഘാടക സമിതി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍, കോര്‍പറേഷന്‍ മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്. വിവിധ ഉപസമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സംഘാടക സമിതിയുടെ ആദ്യയോഗം ജനുവരി 29ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും. പരിപാടികളുടെ വിശദാംശങ്ങളും ഉപസമിതികളും യോഗത്തില്‍ തീരുമാനിക്കും. യോഗത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ടി.വി. രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. അനൂപ്, ഇരിട്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ കെ. സരസ്വതി, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: