വലയ സൂര്യഗ്രഹണം ഇന്ന്; ആദ്യം കാണാനാവുക കാസര്‍കോട്ട്

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ അപൂര്‍വ വലയ സൂര്യഗ്രഹണം ഇന്ന്. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും കാണാനാകും.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന്‍ ദൃശ്യമാകുന്നതാണു വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്നു കേരളത്തില്‍ ദൃശ്യമാകുന്നത്.

രാവിലെ 8.05 മുതല്‍ 11.10 മണി വരെ നീളുന്ന ഗ്രഹണം ഒമ്പതരയോടെ പാരമ്യത്തിലെത്തും. ഈ സമയം സൂര്യന്‍ 90 ശതമാനത്തോളം മറയ്ക്കപ്പെടും.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം കാണാനാവുക കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനിറ്റ് സമയത്തേക്കു വലയ ഗ്രഹണം കാണാം. മറ്റു ജില്ലകളില്‍ കാണാനാവുക ഭാഗിക ഗ്രഹണമാണ്.
സോളാര്‍ ഫില്‍റ്ററുകള്‍, സോളാര്‍ കണ്ണടകള്‍, പിന്‍ഹോള്‍ ക്യാമറ എന്നിവയുപയോഗിച്ചാണ് ഗ്രഹണം കാണേണ്ടത്.

സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ, സിംഗപ്പുര്‍ രാജ്യങ്ങളിലൂടെയാണു ഗ്രഹണപാത കടന്നുപോകുന്നത്.
കേരളത്തില്‍ അവസാന വലയ ഗ്രഹണം കണ്ടത് 2010 ജനുവരി 15-നു തിരുവനന്തപുരത്താണ്. ഇനിയൊരു വലയ സൂര്യഗ്രഹണം കാണാന്‍ 2031 മേയ് 21 വരെ കാത്തിരിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: