ഗാന്ധിയെ ബിംബവത്കരിക്കുന്നതിനോട് യോജിപ്പില്ല : വാസുദേവൻ

കണ്ണൂർ: സ്വജീവിതത്തെ പോലും വിമർശനബുദ്ധിയോടെ നോക്കിക്കണ്ട് ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറാവാൻ തന്റെ മനസ്സിനെ പാകപ്പെടുത്തി മാതൃക കാണിച്ച ഉത്തമ മനുഷ്യനായിരുന്നു ഗാന്ധിജിയെന്ന് കണ്ണൂർ ആകാശവാണി സീനിയർ അനൗൺസറും ഗാന്ധിദർശനം അവതാരകനുമായ എം.എസ് വാസുദേവൻ പറഞ്ഞു.കാഞ്ചീരവം കലാവേദിയുടെ ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ചർച്ചാവേദിയായ ഗാന്ധീയത്തിന്റെ ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി ഒരിക്കലും ഈശ്വരനായിരുന്നില്ല.അങ്ങനെ ആരെങ്കിലും തന്നെ കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.അതിനാല്‍ അദ്ദേഹത്തെ ബിംബവത്കരിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിക്കാനാവില്ലെന്ന് വാസുദേവന്‍ പറഞ്ഞു.
സ്വയം നവീകരണത്തിന്റെ പാത കണ്ടെത്താൻ ഓരോ ഭാരതീയനോടും ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്.ആത്മബോധത്തെ ഉണർത്തുക എന്ന ലളിതമായ വഴി കാണിച്ചുതരികയായിരുന്നു അദ്ദേഹം.ഈ മണ്ണിൽ വാടകക്കാരാണ് നമ്മളെല്ലാം.ആരും ഇവിടെ സ്ഥിരതാമസത്തിന്‌ വന്നവരല്ല.പുതിയ ആളുകൾ കടന്നുവരുമ്പോൾ നാം പടിയിറങ്ങണം.ഇതായിരുന്നു ഗാന്ധിയുടെ മതം.അദ്ദേഹം പറഞ്ഞുവച്ചതെല്ലാം പ്രവർത്തികമാക്കാവുന്നവയാണ്.അതിനാൽ അത്ഭുതങ്ങൾ കാണിച്ചുതരുന്ന ഈശ്വരനായോ കേവലമായ ബിംബമായോ കണ്ട് ആ ദർശനങ്ങളെ ലഘൂകരിക്കാനാവില്ല.വാസുദേവൻ കൂട്ടിച്ചേർത്തു.
കാഞ്ചീരവം കലാവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ വല്ലി ടീച്ചറിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറിയും കാഞ്ചീരവം മാസിക പത്രാധിപസമിതി അംഗവുമായ പയ്യന്നൂർ വിനീത് കുമാർ ആമുഖഭാഷണം നടത്തി. ‘ഗാന്ധിയൻ ചിന്തകൾ – ആകാശവാണി പ്രക്ഷേപണത്തിന്റെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആർ. പ്രഭാകരൻ മോഡറേറ്ററായി.ഇ വി ജി നമ്പ്യാർ,ലീന മാണിക്കോത്ത്,ചന്ദ്രോത്ത് രാജൻ,വിജയലക്ഷ്മി നാരായണൻ,സീജ കൊട്ടാരം,പ്രീതി സുരേഷ് എന്നിവർ സംസാരിച്ചു.പി വി വല്ലീദേവി,ഭാർഗവൻ പറശ്ശിനിക്കടവ്,ബാബു പൊതുവാച്ചേരി,പി കെ രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.പരിപാടിയുടെ ഭാഗമായി രമ ജി നമ്പ്യാർ ആലപിച്ച വന്ദേമാതരം,വിജീഷ് അഞ്ചരക്കണ്ടിയുടെ വാദ്യസംഗീതം,ഇന്ദുമതിയും സംഘവും അവതരിപ്പിച്ച ദേശഭക്തിഗാനം,ശ്യാമള വിജയൻ അവതരിപ്പിച്ച വള്ളത്തോൾ കവിത ‘എന്റെ ഗുരുനാഥൻ’ എന്നിവയുണ്ടായി.ആകാശവാണി ശ്രോതാക്കളെ പങ്കെടുപ്പിച്ച് കാഞ്ചീരവം കലാവേദി ജില്ലയിൽ സംഘടിപ്പിക്കുന്ന ആറാമത് പ്രതിമാസ പരിപാടിയായിരുന്നു ഗാന്ധീയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: