എടക്കാടിന് അഭിമാനമായി ‘സ്വാഭിമാൻ’

0


സ്ത്രീ സുരക്ഷക്കായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വാഭിമാൻ പദ്ധതി. കൗൺസിലിങ്ങ്, വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ സ്ത്രീകളെ പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാപ്തരാക്കുകയും കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.മാനുഷിക മൂല്യങ്ങൾ ഉറപ്പാക്കുക, ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പ്രവർത്തനത്തിന് കുടുംബങ്ങളിൽ നിന്നും തുടക്കം കുറിക്കുക, സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുക, ശിശു വികസന മേഖലകൾ കൂടുതൽ ശക്തിപ്പെടുത്തുക, മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. രണ്ടര ലക്ഷം രൂപ ഇതിനായി ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെക്കും. ബ്ലോക്കിലെ കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി എന്നീ പഞ്ചായത്തിലുള്ളവർക്ക് വർഷത്തിൽ നാലു വീതം ക്ലാസുകൾ ലഭിക്കും. ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധർ, അഭിഭാഷകർ, സ്ത്രീസുരക്ഷാ ഓഫീസർ, സോഷ്യോളജിസ്റ്റ്, വ്യക്തിത്വവികസന-അധ്യാത്മിക രംഗങ്ങളിലെ വിദഗ്ധർ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസെടുക്കുക. വിവിധ മേഖലയിലെ അറിവുകൾ പകരുന്നതിനൊപ്പം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെക്കാനും അവസരം ലഭിക്കും. പ്രശ്ന പരിഹാരത്തിനായുള്ള നിർദേശങ്ങൾ വിദഗ്ധർ നൽകും. ഇതിലൂടെ ഗാർഹിക പീഡനം ഉൾപ്പടെ തടയാനാകുമെന്നാണ് പ്രതീക്ഷ. വിവാഹ ജീവിതം സംബന്ധിച്ച പ്രത്യേക കൗൺസിലിങ്ങും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സാമൂഹിക വിഷയങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ ഇതിലൂടെ ശക്തമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള പറഞ്ഞു. ബ്ലോക്ക് ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. ഗ്രാമ പഞ്ചായത്തുകളിൽ ഐ സി ഡി എസ് സൂപ്പർ വൈസർമാരുടെയും  ജാഗ്രതാ സമിതിയുടെയും സഹായത്തോടെയാകും പ്രവർത്തനം. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഒക്ടോബർ 29ന് വൈകീട്ട് നാല് മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ഹാളിൽ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാൻ അഡ്വ. ആർ എൽ ബൈജു നിർവ്വഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading