ജില്ലയിലെ ആദ്യ കുടുംബശ്രീ ബസാറിന് കല്യാശ്ശേരിയിൽ തുടക്കമായി

കണ്ണൂർ:

ജില്ലയിലെ ആദ്യ കുടുംബശ്രീ ബസാറിന് കല്യാശ്ശേരിയിൽ തുടക്കമായി ഉണ്ണിയപ്പവും അച്ചാറും വിറ്റാണ് കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിൻ പുറത്തെ കുടുംബശ്രീ പ്രവർത്തകർ സംരംഭത്തിൽ കാലെടുത്ത് വെച്ചത്. കെട്ട് താലിയെങ്കിലും പണയം വെക്കാനില്ലാത്തവർക്ക് അന്ന് അത് മാത്രമേ ചിന്തിക്കാൻ കഴിയുമായിരുന്നുള്ളൂ.

എത്ര പരിഹാസം കേട്ടു.എന്നിട്ടവർ തളർന്നു പോയോ ? ഇല്ല. കാലം മാറി; അവർ തങ്ങളുടെ കഥയും മാറ്റിയെഴുതി. കാലത്തോടൊപ്പം പൊരുതി മുന്നേറി കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ , ഏത് നാടൻ – മറുനാടൻ കോർപ്പറേറ്റ് ഭീമൻ ബ്രാന്റുകളേയും തോൽപ്പിക്കാൻ ഞങ്ങൾക്കാവുമെന്നവർ തെളിയിച്ചു. അനുഭവിച്ചറിയണമെങ്കിൽ ഇനി കല്യാശേരിയിലെ ഇരിണാവിലൊന്നിറങ്ങിയാൽ മതി.വൈവിധ്യമാർന്ന 400ലധികം ഉൽപ്പന്നങ്ങളുടെ കലവറയാണ് കുടുംബശ്രീ ബസാർ.

ഉപ്പും മുളകും മാത്രമല്ല വീട്ടാവശ്യത്തിനുള്ള സകല സാധനങ്ങളും ഒരു കുടക്കീഴിലാക്കി കുടുംബശ്രീ ബസാര്‍. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ കല്യാശേരി ഇരിണാവ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി.
പലചരക്കും പച്ചക്കറികളും മാത്രമല്ല, വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം ഇവിടെ ലഭിക്കും.

തേന്‍, സ്‌ക്വാഷ്, പലഹാരങ്ങള്‍, കറിപ്പൊടികള്‍, നാടന്‍ പച്ചക്കറികള്‍, ചവിട്ടികള്‍, ബാഗുകള്‍, തുടങ്ങി മുന്നൂറിലധികം വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ എൺപത് ശതമാനവും കുടുംബശ്രീയുടെ തനത് ഉല്‍പ്പന്നങ്ങളാണ്.

കുടുംബശ്രീ മിഷന്റെ 20 ലക്ഷം രൂപ ചെലവിലാണ് ബസാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 200 ഓളം കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് ബസാര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്.

ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ജില്ലയിലെ മറ്റ് കുടുംബശ്രീകളുടെയും, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങളും ബസാറില്‍ കിട്ടും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വനിത സംരംഭകത്വ കേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് ബസാര്‍ പ്രവര്‍ത്തിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അമ്പത് ശതമാനം വാടകക്കിഴിവും നല്‍കി.
കുടുംബശ്രീ ജില്ലാ മിഷന്‍ നിയോഗിക്കുന്ന മൂന്നംഗ സമിതിയാണ് ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കും. ഹോം ഡെലിവറിയും ഒരുക്കും.

ആദ്യഘട്ടത്തില്‍ പ്രതിമാസം പത്ത് ലക്ഷം രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് പറഞ്ഞു. മൂന്ന് സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും ആലോചനയുണ്ട്. വിപണി വിലയിലും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ബസാറില്‍ ലഭിക്കും.
എം വിജിന്‍ എം എല്‍ എ ബസാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: