സമൃദ്ധി വായ്പാ മഹോല്‍സവം; ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു


കണ്ണൂർ:സംസ്ഥാന തല ബാങ്കേര്‍സ് സമിതിയുടെ നേതൃത്വത്തില്‍ സമൃദ്ധി വായ്പാ മഹോല്‍സവം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പാ മഹോത്സവം സംഘടിപ്പിച്ചത്. സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വഴിയൊരുക്കുകയാണെന്നും ബാങ്കുകളും ഗുണഭോക്താക്കളും തമ്മില്‍ നല്ല ബന്ധങ്ങള്‍ തുടരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സാമ്പത്തികമായി അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ജില്ലയാണ് കണ്ണൂര്‍. ജില്ലയില്‍ സംരംഭങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളത്. ഇത്തരത്തില്‍ വായ്പാ മേളകള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
‘ബാങ്കുകള്‍ ജനങ്ങളിലേക്ക്’ എന്ന സന്ദേശത്തോടെ ബാങ്കുകളുടെ വായ്പാ പദ്ധതികളും സേവനങ്ങളും ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുകയാണ് മേളയിലൂടെ. ജില്ലയിലെ ദേശസാല്‍കൃത-സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ഗ്രാമീണ ബാങ്ക് ഉള്‍പ്പെടെ 20ഓളം ബാങ്കുകളുടെ സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയത്. വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് ഒരു വേദിയില്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവസരം ഇതുവഴി ലഭിച്ചു. കാര്‍ഷിക, വ്യാപാര-വ്യവസായ, വിദ്യാഭ്യാസ, ഭവന, വ്യക്തിഗത തുടങ്ങി വിവിധ വായ്പ പദ്ധതികള്‍, സബ്സിഡി വായ്പകള്‍ എന്നിവയെപ്പറ്റി അറിയാനുള്ള അവസരവും പൊതുജനങ്ങള്‍ക്ക് ലഭിക്കും. ജന്‍ സുരക്ഷാ ഇന്‍ഷുറന്‍സ് സ്‌കീമുകളായ പി എം ജീവന്‍ ജ്യോതി ഭീമാ, പി എം സുരക്ഷാ ഭീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന, സുകന്യാ സമൃദ്ധി യോജന തുടങ്ങിയവയെ പറ്റി അറിയാനും അവയ്ക്കുള്ള അപേക്ഷാ പത്രങ്ങള്‍ നല്‍കാനും മേളയില്‍ അവസരം ഒരുക്കി. വായ്പയെടുത്ത് ഒരു സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും നിലവിലെ സംരംഭം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത്തരത്തിലുള്ള വിവിധ വായ്പാ പദ്ധതികളെ പറ്റി അറിയാനുള്ള അവസരവും മേളയിലുണ്ടായി. വായ്പാ സമ്മത പത്രങ്ങളും മേളയില്‍ വിതരണം ചെയ്തു. സമൃദ്ധി വായ്പാ മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ ബാങ്കുകള്‍ 3600 വായ്പകളിലായി 162 കോടി രൂപ അനുവദിച്ചു.

ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന തല ബാങ്കേര്‍സ് സമിതി കണ്‍വീനറും കാനറാ ബാങ്ക് സര്‍ക്കിള്‍ മേധാവിയുമായ എസ് പ്രേംകുമാര്‍ അധ്യക്ഷനായി. കാനറ ബാങ്ക് കണ്ണൂര്‍ നോര്‍ത്ത് റീജിയണല്‍ ഓഫീസ് എജിഎം ആര്‍ സുന്ദര മൂര്‍ത്തി, നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ ജിഷിമോന്‍ രാജന്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ പി ഫ്രോണി ജോണ്‍, ജില്ലയിലെ വിവിധ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: