കൊവിഡ്: പ്രസവ ചികില്‍സയ്ക്ക് അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ നടപടി ,പെരുമാറ്റച്ചട്ട ലംഘനം: കേസുകള്‍ 20,000 കടന്നു

കൊവിഡ് പോസിറ്റീവാകുന്നവരുടെ പ്രസവ ചികില്‍സയ്ക്ക് അമിത


ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പ് നല്‍കി. ഗര്‍ഭിണികളെ ചികില്‍സിക്കുന്ന ചില ആശുപത്രികള്‍ കൊവിഡ് പോസിറ്റീവാണെന്ന് അറിയുന്നതോടെ ചികില്‍സാ ഫീസ് കുത്തനെ ഉയര്‍ത്തുന്നതായി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ കൈക്കൊള്ളുന്നതിന് ആവശ്യമായി വരുന്ന ന്യായമായ തുക അധികമായി ഈടാക്കുന്നതില്‍ തെറ്റില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 
അതേസമയം, കൊവിഡ് പോസിറ്റീവായി എന്ന കാരണത്താല്‍ മാത്രം വന്‍തുക ഫീസ് ഈടാക്കുന്നതും രോഗികളോട് വിവേചനപരമായി പെരുമാറുന്നതും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി. 
കൊവിഡ് രോഗികളുടെ പ്രസവ ചികില്‍സാ ഫീസ് കുത്തനെ ഉയര്‍ത്തി അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമവും ചില ആശുപത്രികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും അനുവദിക്കാനാവില്ല. ജില്ലയിലെ സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളിലെ പ്രസവ ചികില്‍സാ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് കേസുകള്‍ റഫര്‍ ചെയ്യുന്ന സ്ഥിതിയുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 
ജില്ലയിലെ കൊവിഡ് വ്യാപനം ശക്തമായ തദ്ദേശ സ്ഥാപനങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിയുക്തരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തിപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുഇടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നവര്‍ക്കെതിരേ കേസെടുക്കണമെന്നും പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
ഒക്ടോബര്‍ 31 വരെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടും ധര്‍മടം, മുഴപ്പിലങ്ങാട് ബീച്ചുകളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ച് എത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
അതിനിടെ, കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ചാര്‍ജ് ചെയ്ത കേസുകളുടെ എണ്ണം 21,666 ആയി. ഇന്നലെ മാത്രം 1763 കേസുകള്‍ എടുത്തു. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ 14982ഉം വിസിറ്റര്‍ രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 4256ഉം കേസുകളാണെടുത്തത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: