വിവാഹാലോചന മുടക്കിയെന്ന സംശയം : യുവാവ് കട ജെ സി ബി വച്ച് തകർത്തു

ചെറുപുഴ: അയൽ വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. വിവാഹം മുടക്കിയതിലുള്ള പ്രതികാരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇടവരമ്പ് ഊമലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഊമലയിൽ പലചരക്ക് കച്ചവടം നടത്തുന്ന പുളിയാർമറ്റത്തിൽ സോജിയുടെ കടയാണ് സ്തുതിക്കാട്ട് (പ്ലാക്കുഴിയിൽ) ആൽബിൻ മാത്യു (31) ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. വിവാഹം മുടക്കിയതിലുള്ള ദേഷ്യമാണത്രെ ഇങ്ങനെ ചെയ്യാൻ ആൽബിനെ പ്രേരിപ്പിച്ചതെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞുവെന്നാണ് അറിയുന്നത്.

ആൽബിനെയും കട പൊളിക്കാനുപയോഗിച്ച ജെസിബിയും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപുഴ സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എം.പി. വിനീഷ് കുമാർ. എസ്ഐ എം.പി. വിജയകുമാർ, എഎസ്ഐ ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റഷീദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആൽബിനെ കസ്റ്റഡിയിലെടുത്തത്. പഞ്ചായത്തംഗം ഡെന്നി കാവാലം സ്ഥലം സന്ദർശിച്ചു. ഇത്തരം സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങൾ അനുവദിക്കാൻ പാടില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡെന്നി പറഞ്ഞു. സംഭവമറിഞ്ഞ് നിരവധിയാളുകൾ ഊമലയിൽ തടിച്ച് കൂടിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: