വൈദ്യുതി വിതരണം: മലയോരത്തും ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നു

5 / 100

21 കോടിയുടെ പ്രവൃത്തികളാണ് കരിവെള്ളൂര്‍, വെള്ളൂര്‍, പാടിയോട്ടുചാല്‍, ചെറുപുഴ സെക്ഷനുകളിൽ അനുവദിച്ചത് പാടിയോട്ടുചാല്‍: വൈദ്യുതിവിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളും അതു പരിഹരിക്കാന്‍ വലിയതോതില്‍ വേണ്ടിവരുന്ന മനുഷ്യാധ്വാനവും കുറക്കാന്‍ വൈദ്യുതി ബോര്‍ഡ് മലയോരത്ത് ഭൂഗര്‍ഭ യു.ജി കേബിളുകളും ഓവര്‍ഹെഡ് .ബി കേബിളുകളും സ്ഥാപിക്കുന്നു. പട്ടണപ്രദേശങ്ങളില്‍ സ്ഥാപിച്ചു വിജയംകണ്ടതാണ് കേബിളുകളിലൂടെയുള്ള വൈദ്യുതി വിതരണം. കൂടുതലായി വൈദ്യുതിതടസ്സം നേരിടുന്ന മേഖലകളില്‍ ഇവ സ്ഥാപിച്ച് വിതരണം തടസ്സരഹിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വെള്ളൂര്‍ സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.വി. സതിയും പ്രോജക്ട്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.പി. ബാബു പ്രജിതും അറിയിച്ചു. ഇതിൻെറ ഭാഗമായി പാടിയോട്ടുചാല്‍ സെക്ഷനില്‍ തട്ടുമ്മല്‍ തിമിരി ഭാഗത്തേക്കുള്ള യു.ജി കേബിള്‍ സ്ഥാപിക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്. വൈദ്യുതിവിതരണരംഗം നവീകരിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് വിഭാവനം ചെയ്തദ്യുതി 2021′ പദ്ധതിപ്രകാരം 21 കോടി രൂപയുടെ പ്രവൃത്തികളാണ് 2018-22 കാലയളവിലേക്ക് കരിവെള്ളൂര്‍, വെള്ളൂര്‍, പാടിയോട്ടുചാല്‍, ചെറുപുഴ സെക്ഷനുകളിലേക്ക് അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം 11 പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍, 23 കി.മീറ്റര്‍ ദൂരത്തില്‍ 11 കെ.വി അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍, 18 കി.മീറ്റര്‍ ദൂരം ഓവര്‍ ഹെഡ് .ബി കേബിളുകള്‍, 38 കി.മീറ്റര്‍ ദൂരം പുതിയ 11 കെ.വി ലൈന്‍, 15 കിലോമീറ്റര്‍ ദൂരം ത്രീഫേസ് ലൈന്‍, 53 കി.മീറ്ററില്‍ സിംഗ്ള്‍ ഫേസ് ലൈന്‍ ത്രീ ഫേസാക്കി മാറ്റല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി 540 കി.മീറ്റര്‍ ദൂരത്തില്‍ പഴയ കമ്പികള്‍ മാറ്റി പുതിയവ സ്ഥാപിക്കാനും 70 ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷനുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. കൂടാതെ, ഇക്കാലയളവില്‍ വൈദ്യുതിലൈനിലെ ഫാള്‍ട്ട് ലൊക്കേഷന്‍ എവിടെയാണെന്ന് സബ് എൻജിനീയറുടെ മൊബൈലിലേക്ക് മെസേജ് നൽകി വൈദ്യുതി പുനഃസ്ഥാപനം എളുപ്പമാക്കുന്ന 114 കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ് ഡിവൈസു (സി.എഫ്.പി.ഡി)കളും സ്ഥാപിക്കും. വൈദ്യുതിലൈനുകള്‍ക്കു പകരം കൂടുതലായി കേബിളുകള്‍ സ്ഥാപിക്കുന്നു എന്നതാണ് ദ്യുതി പദ്ധതിയുടെ പ്രത്യേകത. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ 11 കെ.വി ലൈന്‍ സ്ഥാപിക്കുന്നതിന് ആറുലക്ഷം രൂപ ചെലവ് വരുമ്പോള്‍ ഓവര്‍ ഹെഡ് .ബി കേബിളിന് അത് 16 ലക്ഷവും അണ്ടര്‍ ഗ്രൗണ്ട് കേബിളിന് 30 ലക്ഷത്തിനടുത്തുമാണ്. കൂടുതല്‍ പവര്‍ വഹിക്കേണ്ടിവരുന്ന ടൗണ്‍ മേഖലയില്‍ അണ്ടര്‍ ഗ്രൗണ്ട് കേബിളുകളും മരങ്ങള്‍ തിങ്ങിനിറഞ്ഞ ഉള്‍പ്രദേശങ്ങളില്‍ ഓവര്‍ ഹെഡ് കേബിളുകളും സ്ഥാപിക്കാനാണ് ആദ്യഘട്ടത്തില്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നത്. വെള്ളൂര്‍ സെക്ഷനു കീഴില്‍ മാത്തില്‍ ടൗണില്‍ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വെളിച്ചംതോട് മേഖലയിലെ വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കാന്‍ .ബി കേബിള്‍ ലൈനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചു. മാപ്പാടിച്ചാല്‍, കടേക്കര, തവിടിശ്ശേരി, പുറക്കുന്ന് മേഖലയില്‍ ഓവര്‍ ഹെഡ് കേബിള്‍ സ്ഥാപിക്കാനുള്ള പണി അന്തിമഘട്ടത്തിലാണ്. കരിവെള്ളൂര്‍ സെക്ഷന്‍ ഏരിയയിലേക്ക് കാങ്കോല്‍ സബ് സ്റ്റേഷനില്‍നിന്ന് അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ സ്ഥാപിച്ച് ചാര്‍ജ് ചെയ്തു. വലിയപൊയില്‍ കോട്ടക്കുന്നില്‍ ഓവര്‍ ഹെഡ് കേബിള്‍ വലിക്കാന്‍ പോസ്റ്റുകള്‍ സ്ഥാപിച്ചു. തോട്ടിച്ചാല്‍ഓണക്കുന്ന്, പലിയേരി കൊവ്വല്‍കൂക്കാനം, പെരളംകൊഴുമ്മല്‍, കുനിയന്‍ സ്തൂപം മേഖലകളിലെ പറമ്പുകളിലൂടെയുള്ള പഴയ കെ.വി ലൈന്‍ റോഡിലേക്ക് മാറ്റി സ്ഥാപിക്കുന്നത് വഴി വൈദ്യുതിതടസ്സം ഗണ്യമായി കുറയും. അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ കൂടുതലായി സ്ഥാപിക്കുന്നത് പാടിച്ചാല്‍ സെക്ഷനു കീഴിലാണ്. ചെറുപുഴ സബ് സ്റ്റേഷനില്‍ നിന്ന് തട്ടുമ്മലിലേക്കും മഞ്ഞക്കാട്ടേക്കും രണ്ടു കേബിള്‍ ഇടുന്നതു വഴി തിമിരി, തിരുമേനി മേഖലയില്‍ വൈദ്യുതിതടസ്സം കുറയും. കക്കറ, വെള്ളോറ, ഓലയമ്പാടി മേഖലയിലേക്ക് പുതിയ 11 കെ.വി ഫീഡര്‍ നൽകും. പാടിച്ചാല്‍ ടൗണിലെ വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ സബ് സ്റ്റേഷനില്‍നിന്ന് മച്ചിയില്‍ വഴി ടൗണിലേക്ക് കേബിള്‍ ഇടും. എട്ടു കി.മീ. ഭൂഗര്‍ഭ കേബിളാണ് സ്ഥാപിക്കുക. ചാത്തമംഗലം ഭാഗത്ത് വൈദ്യുതിതടസ്സം നീക്കാന്‍ റോഡ് വഴി ഓവര്‍ ഹെഡ് കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ചീര്‍ക്കാട് പ്രദേശത്തെ വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കുന്നതിന് ഓവര്‍ഹെഡ് കേബിളും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. അരവഞ്ചാല്‍ മേഖലയിലെ വിതരണം സുഗമമാക്കാന്‍ അഞ്ചു കിലോമീറ്റര്‍ ലൈന്‍ റോഡ് വഴി മാറ്റി സ്ഥാപിക്കുകയാണ്. ചെറുപുഴ ടൗണില്‍ വൈദ്യുതിതടസ്സം പരിഹരിക്കാന്‍ പ്രത്യേക ഫീഡര്‍ നൽകും. ഇതിനായി സബ് സ്റ്റേഷനില്‍നിന്നും ചിറ്റാരിക്കല്‍ പാലം വരെ അഞ്ചു കി.മീ. യു.ജി കേബിള്‍ സ്ഥാപിക്കാനുള്ള പ്രവൃത്തി ടെൻഡര്‍ ചെയ്തു. പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതോടെ മീന്തുള്ളിയിലെ വോള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരമായി. മാസം അവസാനത്തോടുകൂടി പാടിച്ചാല്‍, ചെറുപുഴ ടൗണുകളിലേക്കുള്ള അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ സ്ഥാപിക്കാന്‍ തുടങ്ങുമെന്നും കെ.എസ്..ബി അധികൃതര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: