70 ലക്ഷത്തിന്റെ മുക്കുപണ്ടപ്പണയ തട്ടിപ്പ്: കണ്ണൂർ ജില്ലാ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സ്വര്‍ണാഭരണമെന്ന വ്യാജേന ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്‍ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയകേസില്‍ ജൂണിയര്‍ മാനേജര്‍ പിടിയില്‍. ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി.വി. രമയെയാ (42) ണ് സിഐ പി.കെ. സുധാകരനും പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ബിനുമോഹനമുള്‍പ്പെട്ട സംഘം സാഹസികമായി അറസ്റ്റ് ചെയ്ത്.

രമയുടെ മകന്‍ ടി.വി. വിനീഷിനെ (22) ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രമയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഹരജി നല്‍കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് രമയുടെ വീട് പോലീസ്  നിരീക്ഷണത്തിലായിയിരുന്നു.

പോലിസ് എത്തുമ്പോള്‍ ഇരുവരും വീട്ടുവരാന്തയിലുണ്ടായിരുന്നു. പോലിസിനെ കണ്ടയുടന്‍ രമ വീടിന് പിന്നിലേക്ക് ഓടിയെങ്കിലും വനിതാ പൊലിസുകാരായ ഷീജയും സിന്ധുവും പിന്തുടര്‍ന്ന് പിടികൂടി. വീടിന് പിന്നിലെ കാട്ടില്‍ ഒളിച്ചുകിടന്ന വിനീഷിനെ സംഘത്തിലുണ്ടായിരുന്നവര്‍ തെരച്ചലിലൂടെയാണ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയാണ് രമ.

രണ്ടാം പ്രതി ബാങ്ക് അപ്രൈസര്‍ മട്ടന്നൂര്‍ ഏച്ചൂരിലെ പി.ഷഡാനനന്‍ 17 ന് അറസ്റ്റിലായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇനി സീനിയര്‍ മാനേജര്‍ ചെറുപഴശ്ശി കടൂരിലെ ഇ. ചന്ദ്രന്‍കൂടി അറസ്റ്റിലാകാനുണ്ട്. രമയുടെ മകന്‍ വിനീഷ്, ഷഡാനനന്റെ ഭാര്യ ജയശ്രീ എന്നിവരുടെയും മറ്റും പേരില്‍ ബാങ്കില്‍ മുക്കുപ്പണ്ടം പണയം വച്ചിട്ടുണ്ട്.

ഔദ്യോഗികപദവി ദുരുപയോഗിച്ചും മുക്കുപ്പണ്ടം പണയം വെക്കാന്‍ സഹായിച്ചും 70 ലക്ഷത്തോളം രൂപ ബാങ്കിന് സാമ്പത്തിക നഷ്ടംവരുത്തിയതാരെന്ന് കണ്ടെത്തി കേസില്‍ പ്രതികളാക്കാനാണ് പോലീസിന്റെ തീരുമാനം. മുക്കുപ്പണ്ടം പണയം വച്ച പണം എന്തുചെയ്തു, ബാങ്കിലെ സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടോ, തട്ടിപ്പിലൂടെ സ്വരൂപിച്ച പണയം എന്തുചെയ്തു, ഇത്രമാത്രം വ്യാജസ്വര്‍ണം സംഘടിപ്പിച്ചുകൊടുത്തതാര് എന്നിങ്ങിനെയുള്ളവ കണ്ടെത്താനാണ് പോലിസിന്റെ പരിശ്രമം.

അങ്ങിനെയെങ്കില്‍ അവര്‍കുടി കേസില്‍ പ്രതികളാകും. നാല് സ്വര്‍ണ്ണപണയത്തിലൂടെ വിനീഷിന്റെ പേരില്‍ 11 ലക്ഷത്തോളം രൂപ ബാങ്കില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ കസ്റ്റഡിയിലെടുത്ത വിനീഷിനെ വ്യാഴാഴ്ച രാത്രിയോടെ വിട്ടയച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: