7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കനത്തമഴയും വെള്ളക്കെട്ടും മൂലം കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
വടക്കന്‍ ജില്ലകളായ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും ഇടുക്കിയിലും ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചത്.
ആന്ധ്രാ തീരത്തെ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആണ് മഴക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. വെളളിയാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്നലെ യെല്ലോ അലെര്‍ട് ആയിരുന്നു.
അലെര്‍ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തലസ്ഥാന ജില്ലയടക്കമുള്ള തെക്കന്‍ ജില്ലകളിലും പരക്കെ മഴയാണുണ്ടാകുന്നത്. തലസ്ഥാന നഗരത്തിലെ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. രാത്രി മുതല്‍ തുടരുന്ന മഴയില്‍ വെളളക്കെട്ട് രൂപപ്പെട്ടതോടെ പലയിടങ്ങളിലും ഗതാഗത കുരുക്കും രൂക്ഷമായിട്ടുണ്ട്.
മഴ കനത്തതിനെ തുടര്‍ന്ന് കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധയാണ്. ഇന്നലെ രാത്രി മുതല്‍ കൊല്ലം നഗരപരിധിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: