ഗതാഗതനിയമങ്ങൾക്ക് ചക്രപ്പൂട്ടിട്ട് കാൽടെക്സ് ഗാന്ധി സർക്കിളിൽ ബസ്സുകളുടെ പാർക്കിങ്

കണ്ണൂർ: ഗതാഗതനിയമങ്ങൾക്ക് ചക്രപ്പൂട്ടിട്ട് കാൽടെക്സ് ഗാന്ധി സർക്കിളിൽ ബസ്സുകളുടെ പാർക്കിങ്. രാവിലെ ഏറ്റവും ജനത്തിരക്കുള്ള എട്ടിനും ഒൻപതിനും മധ്യേയാണ് ഇൗ നിയമലംഘനം. രാവിലെ എട്ടോടെയാണ് ഇവിടെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചുതുടങ്ങുന്നത്. സിഗ്നൽ ലൈറ്റ് തെളിഞ്ഞാൽ വിവിധ റോഡുകളിലേക്ക് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത രീതിയിൽ റോഡിന് കുറുകെയാണ് ബസ്സുകൾ നിർത്തിയിടുന്നത്. മുന്നിലുള്ള ബസ്സുകൾ നിർദിഷ്ട ബസ് ബേയിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്കുള്ള റോഡിന് മുന്നിൽ നിർത്തിയിടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ആദ്യത്തെ ബസ്സിനു പിറകെവരുന്ന ബസ്സുകൾ ഒടുവിൽ നടുറോഡിൽ നിർത്തിയിടേണ്ടിവരുന്നതും ഇതിനാലാണ്. ആദ്യബസ്സുകൾ കാൽടെക്സിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നില്കുന്ന ഭാഗത്തേക്ക് മാറ്റിനിർത്തിയാൽ പ്രശ്നത്തിന് പരിഹാരമാകും. ഇവിടെ രണ്ടും മൂന്നും കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഡിപ്പോയ്ക്ക് പുറത്തായി നിർത്തുന്നതും പ്രശ്നകാരണമാണ്. ചില ഹ്രസ്വദൂരബസ്സുകൾ സമയക്രമം പാലിക്കാനായി ദീർഘനേരം നിർത്തിയിടുന്നുമുണ്ട്. ഇവിടത്തെ ഗതാഗതപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇടക്കാലത്ത് പോലീസും ട്രാഫിക് പോലീസും സജീവമായി രംഗത്തിറങ്ങിയിരുന്നെങ്കിലും നിലവിൽ കാര്യങ്ങൾ അയഞ്ഞ മട്ടാണ്. പോലീസ് സ്ഥാപിച്ച ബാരിക്കേഡിന്റെയും ചങ്ങലയുടെയും പ്രയോജനം ഇപ്പോൾ ലഭിക്കുന്നുമില്ല. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ ഇവിടെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും സമീപത്തെ കടയുടമകളുടെയും ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: