കാറിന്റെ ചില്ല് തകർത്ത് മോഷണം പ്രതിയുടെ രേഖാചിത്രം തയ്യാറായി

പയ്യന്നൂർ: കാനായി കാനത്ത് വിവാഹ ചിത്രീകരണത്തിനെത്തിയ സംഘത്തിന്റെ കാർ തകർത്ത് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ 21 ന് പകൽ 1.45 നും മൂന്നിനും ഇടയിലാണ് ചിത്രീകരണത്തിനായെത്തിയ സംഘത്തിന്റെ രണ്ട് കാറുകളുടെ ചില്ലുകൾ തകർത്ത് സ്വർണാഭരണങ്ങളും വസ്ത്രങ്ങളും വീഡിയോ ക്യാമറയും ലെൻസും ഫ്ലാഷുകളും മറ്റും മോഷ്ടിച്ചത്. ഇരിട്ടി സ്വദേശികളായ പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്.
ഫോട്ടോ ചിത്രീകരണത്തിനെത്തിയപ്പോൾ രണ്ട് ബൈക്കുകളിലായി നാല് യുവാക്കൾ പരിസരത്ത് ഉണ്ടായതായി പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചുവന്ന പൾസർ ബൈക്കിൽ ഉണ്ടായതായി സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രമാണ് തയ്യാറാക്കിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: