മലയോരമേഖലയിലെ പുഴയോരങ്ങളിൽ വൻമരങ്ങൾ കടപുഴകി നശിക്കുന്നു

ആലക്കോട്: മലയോരമേഖലയിലെ പുഴയോരങ്ങളിൽ വൻമരങ്ങൾ കടപുഴകി നശിക്കുന്നു. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ പുഴകളുടെയും ഇവ കൂടിച്ചേർന്നൊഴുകുന്ന ചപ്പാരപ്പടവ് പുഴയുടെയും പുറമ്പോക്കിൽ നിൽക്കുന്ന മരങ്ങളാണ് നശിക്കുന്നത്. ചപ്പാരപ്പടവ് പുഴയുടെ മുകൾഭാഗമായ തടിക്കടവ് പുഴയോരത്ത് വർഷങ്ങൾക്കു മുൻപ് കടപുഴകിയ മരങ്ങൾ ജീർണിച്ചു തുടങ്ങിയ അവസ്ഥയിലാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മരങ്ങളാണിവ. മഴക്കാലത്ത് കരയിടിച്ചിലിനെ തുടർന്നാണ് ഇവ കടപുഴകിയത്. അരനൂറ്റാണ്ടു മുൻപ് മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന തടിക്കടവ് പുഴയോരത്ത് ഇന്ന് മരങ്ങളുടെ എണ്ണം പരിമിതമായി. ഇതിനുപുറമെ മലയോരത്തെ ജൈവവൈവിധ്യ പ്രദേശങ്ങളിലെയും മരങ്ങൾ ഓരോന്നായി നശിക്കുകയാണ്. ജൈവ വൈവിധ്യ കേന്ദ്രങ്ങളായ പന്ത്രണ്ടാംചാൽ, ശാന്തിസ്ഥൽ, ഈയ്യഭരണി തുരുത്ത് എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകിയും ഉണങ്ങിയും നശിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ മാത്രം അഞ്ഞൂറിലധികം വൻമരങ്ങൾ നശിച്ചതായി കണക്കാക്കപ്പെടുന്നു. നൂറിലധികം വർഷം പഴക്കമുള്ള മരങ്ങളും ഇതിൽപെടുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പന്ത്രണ്ടാംചാൽ വർഷങ്ങൾക്കു മുൻപ് ജൈവവൈവിധ്യമേഖലയായി പ്രഖ്യാപിക്കപ്പെട്ടതാണ്.
വിവിധ തരത്തിലുള്ള മരങ്ങളും ജീവജാലങ്ങളും ഉള്ളതിനാലാണ് പ്രദേശത്തെ വൈവിധ്യ മേഖലയായി പ്രഖ്യാപിച്ചത്. മംഗര ബദരിയാനഗറിലെ ശാന്തിസ്ഥലും ജൈവസമ്പത്തുക്കളാൽ സമ്പുഷ്ടമാണ്. ഇവിടെയും പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളാണ് അന്യാധീനപ്പെടുന്നത്. മണ്ണൊലിപ്പും കരയിടിച്ചിലും മൂലം കടപുഴകുന്ന മരങ്ങൾ ഉണങ്ങുകയും ക്രമേണ ജീർണിക്കുകയും ചെയ്യുന്ന കാഴ്ചയാണ്. വർഷങ്ങൾക്കു മുൻപ് നിലംപൊത്തിയ മരങ്ങൾ ഇവിടെയും കാണാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: