ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ബസ്‌ സർവീസില്ലാതെ കൊയ്യം-ചെക്കിക്കടവ് പാലം

ശ്രീകണ്ഠപുരം: കൊയ്യം ചെക്കിക്കടവ് പാലം ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷമായിട്ടും 17 കോടി രൂപ മുടക്കി നിർമിച്ച പാലത്തിലൂടെ ഇതുവരെ ഒരു സർവീസ് ബസ് ഓടിയില്ല. ബസിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. ഒട്ടേറെ ബസുകൾ റൂട്ടിന് അപേക്ഷിച്ചെങ്കിലും ആർക്കും അനുവദിച്ചില്ല. ആർടി ഓഫീസിലെ അനാസ്ഥ കാരണമാണ് റൂട്ട് അനുവദിക്കാത്തതെന്ന് ആരോപണമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഒരുപാടു തവണ ഇതിനു ശ്രമിച്ചതാണ്. എന്നിട്ടും ഒന്നും നടന്നില്ല.മയ്യിൽ കൊയ്യം റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഒരു ജീപ്പുണ്ട്. ഇത് ആശ്രയിച്ചാണ് നാട്ടുകാരുടെ യാത്ര. ജീപ്പില്ലാത്ത സമയങ്ങളിൽ ഓട്ടോയാണ് ആശ്രയം. തളിപ്പറമ്പ് കൊയ്യം റൂട്ടിൽ ഓടുന്ന ഒട്ടേറെ സ്വകാര്യ ബസുകളുണ്ട്. കൊയ്യം പാലം സൈറ്റിൽ എത്തിയാണ് ഇവ തിരിച്ചു പോകുന്നത്. ഇവയുടെ റൂട്ട് മയ്യിലിലേക്ക് നീട്ടിയാൽ വലിയ ആശ്വാസമാകും. ചില ബസുകൾ ഇതിനായി അപേക്ഷ നൽകിയെങ്കിലും ഫലം ഫലം ഉണ്ടായിട്ടില്ല. കൊയ്യം, പാറക്കാടി, പെരുന്തിലേരി, തവറൂൽ പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്നതു മയ്യിൽ ടൗണിനെയാണ്. ഒന്നോ രണ്ടോ ബസുകൾ എങ്കിലും അനുവദിച്ചു കിട്ടിയാൽ നാട്ടുകാർക്ക് അതു വലിയ ആശ്വസമാണ്. വളക്കൈ കൊയ്യം റോഡ് തകർ‌ന്നു കിടക്കുന്നു. ഈ റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ചെക്കിക്കടവ് പാലം ഉദ്ഘാടനത്തിനു മുൻപെ ഉയർന്നിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വളക്കൈയിൽ നിന്ന് കൊയ്യം ചെക്കിക്കടവ് പാലം സൈറ്റിലേക്ക് 6 കിലോമീറ്റർ ദൂരമാണുള്ളത്. റോഡ് വീതികൂട്ടി ടാർ ചെയ്യാൻ നേരത്തെ ഇരിക്കൂർ പിഡബ്ല്യുഡി 6 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി തിരുവന്തപുരത്തേക്ക് അയച്ചിരുന്നു. മൂന്നു വർഷത്തിലേറെയായി സമർപ്പിച്ചിട്ട്. തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ റോഡിനെ വിമാനത്താവളം റോഡാക്കി മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അവഗണിച്ചു. പകരം ചെറുക്കള, ബാവുപ്പറമ്പ്, മുല്ലക്കൊടി റോഡിനെ ഉൾപ്പെടുത്തി. മയ്യിലിൽ നിന്ന് കണ്ടക്കൈയിലേക്ക് പോകുന്ന റോഡിൽ ബി.എം.ബി.സി ടാറിങ്ങ് നടത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: