കണ്ണൂർ ബൈപ്പാസ് : ദേശീയപാത അധികൃതർ ജനങ്ങളോട് നീതി കാണിക്കണം : സതീശൻ പാച്ചേനി

കണ്ണൂർ ബൈപ്പാസ് കടന്ന് പോകുന്ന പ്രദേശത്തെ ജനങ്ങളോട് ദേശീയപാത അധികൃതർ നീതി കാണിക്കണമെന്നും നീന്താന്‍ അറിയാത്തവനെ നടുക്കടലില്‍ തള്ളി നീന്താന്‍ പറയുന്നത് പോലെയാണ് ദേശീയപാത അധികാരികള്‍ സ്ഥലത്തെ വീട്ടുടമകളോട് ഇപ്പോൾ വീടിന്റെ താക്കോല്‍ ആവശ്യപ്പെടുന്നതെന്നും പാച്ചേനി പറഞ്ഞു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം കിട്ടാതെ എവിടെ പോകാനാണെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. ഇവരുടെ ന്യായമായ ആവശ്യത്തിനോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുഖം തിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് സതീശൻ പാച്ചേനി പറഞ്ഞു.കണ്ണൂര്‍ ബൈപാസ് കടന്നു പോകേണ്ടുന്ന സ്ഥലത്ത് നിന്നും ഭൂമിയും വീടും വിട്ടു നല്കുന്നവർക്ക് അടിയന്തിരമായും നഷ്ടപരിഹാര തുക നല്‍കുക,നഷ്ടപരിഹാര തുക നല്‍കിയതിന് ശേഷം മാത്രം താമസക്കാരെ കുടിയൊഴിപ്പിക്കുക, ഭൂമി ഏറ്റെടുത്തതിന് ശേഷം ബാക്കി വരുന്ന പുന:രുപയോഗപ്പെടുത്താനാകാത്ത സ്ഥലം കൂടി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എളയാവൂരിലെ കുടിയൊഴിപ്പിക്കുന്നതിനെതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാച്ചേനി.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രപദ്ധതിയില്‍ നിന്നും കേരളത്തെ നീക്കിയതാണ് പണം നഷ്ടമാകാന്‍ കാരണം. പാതവികസനത്തിന് കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഓട്ടമുക്കാല്‍ പോലെയുള്ള കിഫ്ബിയില്‍ നിന്നും എങ്ങിനെയാണ് പണം അനുവദിക്കുകയെന്ന് പാച്ചേനി ചോദിച്ചു.ജനങ്ങളുടെ പ്രശ്‌നത്തിന് ഉപകരിക്കേണ്ട പണം ക്രിമിനല്‍കേസുകളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചെലവഴിക്കുന്നത് അനീതിയാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.എളയാവൂര്‍ മേഖലയില്‍ ബൈപാസ് റോഡിന് വേണ്ടി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള 3ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സ്ഥലത്തെ വീട്ടുകാരോട് താക്കോല്‍ കൈമാറണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥരുടെത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ഹതപ്പെട്ട ധനസഹായം പോലും നല്‍കാതെയാണ് താക്കോല്‍ നല്‍കണമെന്ന് ദേശീയ പാത അധികാരികള്‍ പറയുന്നത്.ഇത് അനീതിയാണ്. തങ്ങളുടെ സ്ഥലത്തിന് ഒരു രൂപ പോലും തരാതെ എങ്ങിനെയാണ് ഭൂമി വിട്ടുനല്‍കുക എന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: