വിവാദങ്ങള്‍ക്കൊടുവില്‍ ‘പാര്‍ത്ഥാ’യില്‍ കല്യാണത്തിരക്ക്‌, ആഹ്ലാദിക്കാൻ സാജനില്ല

പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ സജീവമായി. അനുമതിക്കുശേഷമുള്ള ആദ്യവിവാഹം ഇന്നലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സാജന്റെ ഭാര്യാമാതാവ്‌ പ്രേമലതയുടെ സഹോദരീപുത്രിയുടെ വിവാഹമാണു നടന്നത്‌.ചീഫ്‌ ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചതോടെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു കൈവശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നു. ഇതോടെയാണു വിവിധ ചടങ്ങുകള്‍ക്കുള്ള ബുക്കിങ്‌ ആരംഭിച്ചത്‌. ഇതിനകം പതിനഞ്ചിലേറെ വിവാഹങ്ങള്‍ക്കു ബുക്കിങ്ങായി. സാജന്റെ ആത്മഹത്യക്കു മുമ്ബും ഇവിടെ വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നെങ്കിലും വിവാഹ രജിസ്‌ട്രേഷനു സാങ്കേതികതടസങ്ങളുണ്ടായിരുന്നു.കെട്ടിടത്തിന്‌ അനുമതി ലഭിച്ചെങ്കിലും ടൗണ്‍ പ്ലാനര്‍ നിര്‍ദേശിച്ച അഗ്‌നിസുരക്ഷാസംവിധാനത്തിന്‌ ഒഴിവാക്കിയിടേണ്ട സ്‌ഥലത്തെ ടാങ്ക്‌ മാറ്റിസ്‌ഥാപിക്കണം. അതിന്‌ ആറുമാസം സമയമനുവദിച്ചിട്ടുണ്ട്‌. അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ്‌ ടൗണ്‍ പ്ലാനറുടെ സംഘം കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചു. കണ്‍വന്‍ഷന്‍ സെന്ററിനു പിന്നില്‍ തുറസായ സ്‌ഥലത്തു ജലസംഭരണി സ്‌ഥാപിച്ചതാണു നാലാമത്തെ പിഴവ്‌. അതില്‍ ഇളവുതേടി മന്ത്രി എ.സി. മൊയ്‌തീന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌.15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി കിട്ടാത്തതില്‍ മനംനൊന്താണു സാജന്‍ പാറയില്‍ (48) കഴിഞ്ഞ ജൂണ്‍ 18-നു ജീവനൊടുക്കിയത്‌. അനുമതി നല്‍കാത്തതു നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയാണെന്നായിരുന്നു സാജന്റെ കുടുബത്തിന്റെ ആരോപണം. സംഭവത്തേത്തുടര്‍ന്നു നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: