സമഗ്ര ഓവുചാല്‍ പദ്ധതി നിലച്ചു; വ്യാപാരികള്‍ വിഷമത്തില്‍


കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച സമഗ്ര അഴുക്ക് ചാല്‍ പദ്ധതി നിലച്ചത് കണ്ണൂര്‍ നഗരത്തെ തീരാദുരിതത്തിലാഴ്ത്തുന്നു. ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന ഓവുചാല്‍ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരമെന്ന നിലയിലാണ് അന്നത്തെ ഭരണകൂടം വിഭാവനം ചെയ്തത്. എന്നാല്‍ നഗരത്തിലെ ചില ഭാഗങ്ങളില്‍ ആധുനിക രീതിയിലുള്ള ഓവുചാല്‍ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെങ്കിലും പിന്നീട് പദ്ധതി കാണാമറയത്തായി.
കോടികള്‍ ചെലവഴിച്ചാണ് ഇങ്ങനെയൊരു പദ്ധതി അന്നത്തെ ഭരണകൂടം വിഭാവനം ചെയ്തത്. എന്നാല്‍ പിന്നീടങ്ങോട്ട് വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും ഓവുചാല്‍ പദ്ധതി എങ്ങുമെത്തിയില്ല. പഴയ പൊട്ടിപ്പൊളിഞ്ഞ ഓവുചാലുകളാവട്ടെ മാലിന്യങ്ങളുടെ കൂമ്പാരവുമായിക്കഴിഞ്ഞു. മഴക്കാലത്ത് നിലവിലുള്ള ഓവുചാലുകള്‍ വൃത്തിയാക്കാന്‍ പോലും നിലവില്‍ കോര്‍പ്പറേഷന് സാധിക്കുന്നില്ല. ഓവുചാലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡിലൂടെയും കടവരാന്തയിലുമൊഴുക്കി യാത്രക്കാര്‍ക്ക് കാല്‍നട പോലും പലയിടത്തും ദുഷ്‌ക്കരമായിരുന്നു.
നഗരത്തിലെ മിക്ക ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ശൗച്യാലയങ്ങളിലെ മലിനജലം ഇപ്പോള്‍ ഒഴുകിയെത്തുന്നത് നഗരത്തിലെ വിവിധ ഓവുചാലുകളിലാണെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. ഈ മലിനജലമാകട്ടെ ഒഴുകിച്ചെല്ലുന്നത് ജനവാസ കേന്ദ്രങ്ങളിലെ തണ്ണീര്‍ത്തടങ്ങളിലേക്കും ജലാശയങ്ങളിലേക്കുമാണ്. നഗരത്തിലെ പല ഹോട്ടലുകളും റസ്‌റ്റോറന്റുകള്‍, ലോഡ്ജുകള്‍, ബേക്കറികള്‍ എന്നിവയും 50 ഉം 80 ഉം വര്‍ഷം പഴക്കമുള്ളവയാണ്. ഇവിടെ മാലിന്യസംസ്‌കരണ പ്ലാന്റോ ആധുനിക സംവിധാനങ്ങളോ ഒന്നുമില്ല. പലതും പഴയ കെട്ടിടമായതിനാല്‍ നേരിട്ട് അടുക്കളയില്‍ നിന്ന് ടോയ്‌ലറ്റുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നേരിട്ട് ഓവുചാലുകളിലേക്ക് പോകുന്ന സ്ഥിതിയാണ് ചിലയിടത്തുള്ളത്. ഇവയുടെ മുറ്റത്ത് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഒരുക്കുന്നതിനുള്ള സംവിധാനവുമില്ല. എന്നാല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന റെയ്ഡുകളുടെ പിന്നാലെ നഗരത്തിലെ പല ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും മാലിന്യ സംസ്‌കരണമില്ലെന്നതിന്റെ പേരില്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരിക്കുകയുമാണ്. ഇത് സമയം പോലും നല്‍കാതെ ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ നടത്തുന്ന നോട്ടീസുകള്‍ വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നഗര ശുചീകരണ പദ്ധതിക്കാണ് കോര്‍പ്പറേഷന്‍ ശ്രമിക്കേണ്ടത്.
സമഗ്ര അഴുക്കുചാല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ ഒരു പരിധിവരെയെങ്കിലും ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഹോട്ടലുകള്‍ക്കും മറ്റും മാലിന്യ സംസ്‌കരണമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുമ്പോള്‍ ഇവരെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികളും മറ്റും ദുരിതത്തിലാണ്.
ഇന്നലെ കോര്‍പ്പറേഷന്‍ ഹാളില്‍ മേയര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യാപാരികളടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. മാലിന്യ സംസ്‌കരണത്തിന് ഉറവിടം ഒരുക്കുന്നില്ലെങ്കില്‍ ഹോട്ടലുകളും മറ്റും അടുത്തമാസം 15 മുതല്‍ അടച്ചിടുമെന്നാണ് സെക്രട്ടറി പറഞ്ഞത്. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടികളും മറ്റും സ്വീകരിക്കുമത്രെ. ഇക്കാര്യത്തില്‍ ഒന്ന് ശബ്ദിക്കാന്‍ പോലും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്ക് ആയതുമില്ലത്രെ. വിശേഷ ദിവസങ്ങള്‍ അടുക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റെയ്ഡിനെ ചൊല്ലിയും പരക്കെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ബെയ്ക്കറികളിലോ ഹോട്ടലുകളിലോ പോയി റെയ്ഡ് നടത്തിയ ഉടന്‍ ആദ്യം കണ്ടുകിട്ടുന്ന ഭക്ഷണസാധനങ്ങള്‍ ഭക്ഷ്യോപയോഗമല്ലെന്ന് എഴുതി വകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കുന്നതിനെ ചൊല്ലിയാണ് വിമര്‍ശനം. ഇതിന്റെ സാമ്പിള്‍ പരിശോധനക്ക് അയച്ച് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്താനാവൂ.
ലൈസന്‍സ് ഇല്ലാത്ത ചില തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിക്കുമ്പോള്‍ അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണത്രെ. കുത്തക കമ്പനിക്കാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് ചെയ്യാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് പേടിയാണ്. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് എത്ര ക്വാളിറ്റിയുണ്ടെന്ന് കണ്ടറിയണമെന്നാണ് വ്യാപാരികള്‍ അടക്കം പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: