പുസ്തകം തിരയൽ ഇനി കൂടുതൽ എളുപ്പം;
വായനശാലകളെ ഡിജിറ്റലാക്കി പയ്യന്നൂർ ബ്ലോക്ക്


പയ്യന്നൂർ: പുസ്തകവായനയിൽ നിന്നും ഇ വായനയിലേക്കുള്ള ചുവടുമാറ്റത്തിന്റെ കാലത്ത് വായനശാലകളുടെ ഡിജിറ്റലൈസേഷനിലൂടെ പുതിയ മാതൃക തീർക്കുകയാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ഇന്റർനെറ്റിൽ https://libcat.in/c/payyanur  തെരഞ്ഞെടുത്താൽ സെക്കന്റുകൾക്കകം ആവശ്യമുള്ള പുസ്തകത്തിന്റെ ലഭ്യതയറിയാം. തെരഞ്ഞെടുക്കപ്പെട്ട 10 വായനശാലകളാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആധുനികവത്കരിച്ചത്. ഇഷ്ടമുള്ള പുസ്തകങ്ങൾക്കായി വായനശാലകളിൽ ചെന്ന് ദീർഘനേരം തിരയേണ്ട ആവശ്യം ഇനിയില്ല. സ്മാർട്ട് ഫോണിലൂടെ പുസ്തകത്തിന്റെ ലഭ്യത അറിയാം.അന്വേഷിക്കുന്ന പുസ്തകം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെട്ട 10 വായനശാലകളിലും ലഭ്യമെങ്കിൽ അതിന്റെ ലിസ്റ്റും ലഭിക്കും. കഥ, കവിത, നോവൽ, ലേഖനങ്ങൾ തുടങ്ങിയ പുസ്തക വിഭാഗങ്ങളുടെ പട്ടിക, വനിത വേദി, വയോജനവേദി, ബാലവേദി തുടങ്ങിയ ഗ്രൂപ്പുകളുടെ റിപ്പോർട്ട്, പുസ്തക വിതരണത്തിന്റെ വിശദാംശങ്ങൾ, മെമ്പർമാരുടെ വിശദാംശങ്ങൾ തുടങ്ങി 15ഓളം റിപ്പോർട്ടുകൾ സോഫ്റ്റ് വെയറിൽ ലഭിക്കും. ലൈബ്രേറിയന്റ ഫോൺ നമ്പറും ഇതോടൊപ്പം കാണാനാകും. ഗ്രന്ഥശാലകൾക്കാവശ്യമായ എല്ലാ റിപ്പോർട്ടുകളും ഈ സോഫ്റ്റ് വെയർ വഴി എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കും.  ഓൺലൈൻ പബ്ലിക് ആക്സസ് കാറ്റ്ലോഗ് സംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. ലളിതവും ഉപകാരപ്രദവുമായ മികച്ച സംവിധാനമാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല പറഞ്ഞു.ചെറുപുഴ ഗ്രാമീണ വായനശാല, ചുണ്ട ജവഹർ മെമ്മോറിയൽ റീഡിംഗ് റൂം ആന്റ് ലൈബ്രറി, എരമം വിജ്ഞാന ഗ്രന്ഥാലയം, ഓലയമ്പാടി നേതാജി വായനശാല ആന്റ് ഗ്രന്ഥാലയം, കുഞ്ഞിമംഗലം തമ്പാൻ വൈദ്യർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, കരിവെള്ളൂർ എ വൺ ലൈബ്രറി, ചീറ്റ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം, കരിവെള്ളൂർ തെരു എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, കുണിയൻ യുവപ്രതിഭ ഗ്രന്ഥാലയം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ ചെലവിട്ടാണ് ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചത്. ഇൻവോ തിങ്ക് ആണ് സോഫ്റ്റ് വെയർ തയ്യാറാക്കിയത്. വായനശാലകളുമായി ചേർന്ന് ഡാറ്റാ എൻട്രി പൂർത്തിയാക്കുകയും ലൈബ്രേറിയൻമാർക്ക് പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.  ആധുനികവൽക്കരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ ശാസ്ത്രീയമായ വർഗീകരണം നടത്തിയത് കൂടുതൽ വായന സൗഹൃദമാക്കിയതായി വായനശാല പ്രവർത്തകർ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: