കേന്ദ്രത്തിൻ നിന്ന് വാ‌ക്‌സിന്‍ ലഭിക്കുന്നില്ലെന്ന്; കേരളത്തില്‍ സ്റ്റോക്ക് തീര്‍ന്നു, വാക്‌സിനേഷന്‍ മുടങ്ങാന്‍ സാധ്യത

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കൃത്യമായി ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ വാക്‌സിനേഷന്‍ പ്രതിസന്ധിയിലേക്ക്. സര്‍ക്കാരിന്റെ കെെവശം ഉണ്ടായിരുന്ന വാക്‌സിന്‍ മുഴുവനും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഇന്ന് സർക്കാർ മേഖലയിൽ വാക്സിനേഷൻ പൂർണമായും നിർത്തിവച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ നാളെ മുതൽ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷൻ നിർത്തേണ്ടിവരും. 29-ാം തീയതി മാത്രമേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് വാക്‌സിന്‍ വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും കേരളത്തില്‍ മികച്ച രീതിയില്‍ നടക്കുന്ന വാക്സിനേഷന്‍ പ്രക്രീയ വരുന്ന രണ്ടുദിവസം പൂർണമായും മുടങ്ങാന്‍ ഇടയാക്കും.

സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനു വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും നിയമസഭയില്‍ വ്യക്തമാക്കി. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ പോകുന്നത് 30 ലക്ഷം ഡോസ് വാക്സിനാണെന്നും, ഇതിൽ 22 ലക്ഷം രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് തന്നെ കൊടുക്കേണ്ടതുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിൻ ലഭിച്ചത് 36.95 ശതമാനവും രണ്ടാം ഡോസ് കിട്ടിയവർ 16.01 ശതമാനവുമാണെന്ന് മന്ത്രി അറിയിച്ചു. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് ഈ കണക്ക്. എന്നാൽ കേന്ദ്രസർക്കാർ ഈ രീതിയിലാണ് വാക്സിൻ നൽകി മുന്നോട്ട് പോകുന്നതെങ്കിൽ, ഓഗസ്റ്റ് മാസത്തിൽ ഫലത്തിൽ എട്ട് ലക്ഷം പേർക്ക് മാത്രമേ ഒന്നാം ഡോസ് നൽകാൻ സാധിക്കൂ എന്നും വീണാ ജോർജ് വ്യക്തമാക്കി.

വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂലമായ നടപടികള്‍ സമയബന്ധിതമായി മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കൃത്യമായ രീതിയിൽ കൂടുതൽ ഡോസ് വാക്സിൻ കേരളത്തിന്  അനുവദിക്കണമെന്നാവ‌ശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആഗസ്റ്റ് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി നേരിട്ടും കത്തിലൂടെയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഈ മാസം 17-ാം തിയതിയാണ് അവസാനമായി വാക്സിൻ എത്തിയത്. 5,54,390 ഡോസാണ് അന്നെത്തിയത്.

ശനിയാഴ്ച 1522 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി 4,53,339 പേർക്കാണ് കേരളത്തില്‍ വാക്സിൻ നൽകിയത്. ഇത് റെക്കോർഡായിരുന്നു. മൂന്നാം തരം​ഗ ഭീഷണി നിലനിൽക്കേ പരാവധി ആളുകളിൽ എത്രയും വേ​ഗം ഒരു ഡോസ് വാക്സിൻ എങ്കിലും എത്തിക്കാനായില്ലെങ്കിൽ അത് ​ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെയും മുന്നറിയിപ്പ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: