ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്  സൗജന്യ ഭക്ഷണവിതരണ പദ്ധതി  സ്‌നേഹ വിരുന്ന് എഴുപത് ദിവസം പൂര്‍ത്തിയായി

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിന്റെ സ്‌നേഹവിരുന്ന് പദ്ധതി 70 ദിവസം പൂര്‍ത്തീകരിച്ചു. കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന പരിപാടിയായ സ്‌നേഹ വിരുന്ന് കോവിഡ് രണ്ടാം ഘട്ടം വ്യാപകമായപ്പോഴാണ് ആരംഭിച്ചത്. ഒടുവള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച പ്രത്യേക കോവിഡ് വാര്‍ഡില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്കാണ് ഉച്ചക്കും രാത്രിയുമുള്ള ഭക്ഷണം സൗജന്യമായി എത്തിച്ചുനല്‍കുന്നത്. ആശുപത്രിയില്‍ കോവിഡ് വാര്‍ഡിന്റെ ഉദ്ഘാടനത്തിനെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ചപ്പാരപ്പടവ് പഞ്ചായത്ത് മുഴുവന്‍ രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിക്കാന്‍ നടപടി സ്വീകരിച്ചത്. പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി ലഭിക്കുന്ന തുകയാണ് ഇതിന് ഉപയോഗിക്കുന്നത്.  ഇക്കഴിഞ്ഞ മെയ് 15 ന് ആണ് സൗജന്യ ഭക്ഷണം വിതരണം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പദ്ധതിയിലൂടെ കഴിഞ്ഞ 70 ദിവസങ്ങളിലും ആശുപത്രയില്‍ വളണ്ടിയര്‍മാര്‍ മുഖേന ഭക്ഷണം എത്തിച്ചു നല്‍കി. ചപ്പാരപ്പടവ് ജനകീയ ഹോട്ടലില്‍ നിന്നുമാണ് ഒടുവള്ളിയിലേക്ക് തികച്ചും സന്നദ്ധ സേവനത്തിലൂടെ ഭക്ഷണം എത്തിക്കുന്നത്. നാളിതുവരെ രണ്ടു നേരങ്ങളിലായി 2787 ഭക്ഷണപൊതി വിരണം ചെയ്തിട്ടുണ്ട്. എഴുപതാം ദിവസത്തെ ഭക്ഷണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷണന്‍ നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്‌നേഹലത പോള ഏറ്റുവാങ്ങി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ പെരുവണ സ്ഥിരം സമിതി അംഗങ്ങളായ എം.മൈമുനത്ത്, എം.അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനൈസ് എരുവാട്ടി, പഞ്ചായത്ത് മെമ്പര്‍മാരായ വി.പി.ഗോവിന്ദന്‍, പി.പി.വിനീത്, ജോസഫ് ഉഴുന്ന്പാറയില്‍, പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: