സംസ്ഥാന സഹകരണബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച്‌ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച്‌ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുന്നു. പ്രാഥമിക സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വഷണം. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പോലും കാറ്റില്‍ പറത്തി നിക്ഷേപങ്ങള്‍ സ്വീകരിച്ചെന്നും ഇഡിക്ക് വിവരം ലഭിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പടെ കള്ളപ്പണ നിക്ഷേപത്തിന് സഹകരണ ബാങ്കുകള്‍ മറയാക്കുന്നുവെന്നായിരുന്നു ആരോപണം. നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്ബോള്‍ അതിന്റെ ഉറവിടം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. എന്നാല്‍ മിക്ക സര്‍വീസ് സഹകരണ ബാങ്കുകളും ഈ ചട്ടങ്ങള്‍ പാലിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് കള്ളപ്പണം നിക്ഷേപിക്കാന്‍ പലരും സഹകരണ ബാങ്കുകള്‍ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ആദ്യ ഘട്ടമായി സംശയം ഉയരുന്ന സഹകരണ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കും. പത്ത് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ തേടിയാണ് കത്ത് നല്‍കുക. ഒരു കോടി രൂപക്ക് മുകളില്‍ വരെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. നിക്ഷേപകര്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിന് വരുന്ന നിക്ഷേപം വകമാറ്റിയാണ് നിലവില്‍ സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ നല്‍കി വരുന്നത്. സര്‍ക്കാര്‍ നേരിട്ട് നല്‍കേണ്ട ഈ തുക സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണോയെന്നും ഇഡി സംശയിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: