സിപിഐയില്‍ ഒറ്റപ്പെട്ട് കാനം; എറണാകുളം നിര്‍വാഹക സമിതിയില്‍ പങ്കെടുക്കില്ല

ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടിയുടെ പേരില്‍ സിപിഐയില്‍ തര്‍ക്കം തുടരുന്നതിനിടെ എറണാകുളം ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യോഗത്തില്‍ പങ്കെടുക്കുമെന്ന് താനല്ല മാധ്യമങ്ങളാണ് പറഞ്ഞതെന്നാണ് കാനത്തിന്‍റെ നിലപാട്.
എന്നാല്‍ വിഷയത്തില്‍ സിപിഐയില്‍ തുടരുന്ന ഭിന്നതയുടെ ഭാഗമായാണ് കാനം വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. എറണാകുളം ജില്ലാ നിര്‍വാഹക സമിതി യോഗത്തിനെത്തിയാല്‍ പോലീസിനെ ന്യായീകരിച്ചതിന്‍റെ പേരില്‍ സംസ്ഥാന സെക്രട്ടറിക്കെതിരേ രൂക്ഷ വിമര്‍ശനം ഉണ്ടാകാന്‍ സാധ്യതയേറയായിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് കാനം മുങ്ങിയത്. ഇന്ന് രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന സെക്രട്ടറിക്കെതിരേ അമര്‍ഷം ഉണ്ടെങ്കിലും നേതാക്കളാരും പരസ്യ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല. സംസ്ഥാന സെക്രട്ടറി തന്നെ പോലീസ് നടപടിയെ വെള്ളപൂശിയതോടെ സിഐ അടക്കമുള്ള പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെടുന്നത് എങ്ങനെയെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. വിഷയത്തില്‍ കാനത്തെ പിന്തുണച്ച്‌ നേതാക്കളാരും ഇതുവരെ രംഗത്തെത്തിയിട്ടുമില്ല.കാനത്തിന്‍റെ സാന്നിധ്യത്തില്‍ ജില്ലാ നിര്‍വാഹക സമിതി ചേരുമെന്നാണ് സിപിഐ എറണാകുളം ജില്ലാ നേതാക്കള്‍ പറഞ്ഞിരുന്നത്. പോലീസ് നടപടി വിഷയം യോഗത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനും ശ്രമമുണ്ടായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിൽ പോകുമെന്ന് കാനം പറഞ്ഞതോടെ സിപിഐ ജില്ലാ നേതൃത്വം വീണ്ടും വെട്ടിലാവുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: