അന്തിമവിജ്ഞാപനത്തെ നിയമപരമായും ജനകീയമായും നേരിടും: വയല്‍കിളികള്‍

തളിപ്പറമ്പ്: കീഴാറ്റൂരില്‍ ദേശീയപാതക്കായി ഭൂമി ഏറ്റെടുത്ത്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്

പുറത്തിറക്കിയ അന്തിമവിജ്ഞാപനത്തെ നിയമപരമായും ജനകീയമായും നേരിടുമെന്ന് വയല്‍കിളികള്‍. വിജ്ഞാപനത്തിനെതിരെ വയല്‍കിളികള്‍ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരം പുനരാരംഭിക്കാനും നീക്കം.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മാണവുമായി മുന്നോട്ട് പോകാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് വയല്‍കിളികളുടെ തീരുമാനം.

കഴിഞ്ഞ മാസം 29നായിരുന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരു മേഖലാ ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള സംഘം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതീവ പരിസ്ഥിതി പ്രാധാന്യമുളള കീഴാറ്റൂര്‍ വയലിലൂടെ ബൈപ്പാസ് നിര്‍മ്മിക്കരുതെന്നും മറ്റ് ബദല്‍ സാധ്യതകള്‍ ആരായണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.

എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ചാണ് കഴിഞ്ഞ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കാനുളള അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കാനാണ് വയല്‍കിളികളുടെ തീരുമാനം. ഒപ്പം ബൈപ്പാസ് വിരുദ്ധ സമരം പുനരാരംഭിക്കാനും വയല്‍ കിളികള്‍ ആലോചിക്കുന്നുണ്ട്.

ഇതിനിടെ ഇന്നലെ കണ്ണൂരിലെത്തിയ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമായി വയല്‍കിളി പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തി. തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് കുമ്മനം ഉറപ്പ് നല്‍കിയതായും വയല്‍ കിളി പ്രവര്‍ത്തകര്‍ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: