അപകടത്തിലായ ഇരിട്ടി പഴയപാലം ശുചീകരിച്ച് ഓട്ടോ തൊഴിലാളികൾ

ഇരിട്ടി: പുതിയ പാലം വന്നതോടെ ആരും തിരിഞ്ഞു നോക്കാതെ അപകടാവസ്ഥയിലായ പഴയ പാലം ഇരിട്ടിയിലെ ഓട്ടോ തൊഴിലാളികൾ ശുചീകരിച്ചു. രാഷ്ട്രീയവും യൂണിയനുകളും നോക്കാതെ ഒന്നിച്ചെത്തിയാണ് ഓട്ടോ റിക്ഷാ തൊഴിലാളികൾ ശനിയാഴ്ച പാലം ശുചീകരിച്ചത്.
ഒൻപത് പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്ന ഇരിട്ടി പഴയ പാലം സംരക്ഷിക്കാൻ ആളില്ലാതെ ഇന്ന് അപകടാവസ്ഥയിലാണ് . പുതിയപാലം പ്രാവർത്തികമാകുന്നതോടെ ഇരിട്ടിയുടെ മുഖമുദ്രയായ പഴയപാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പൊതുമരാമത്തു വകുപ്പും കെ എസ് ടി പി യും പറഞ്ഞിരുന്നുവെങ്കിലും ഇതെല്ലാം പാഴ്വാക്കായ അവസ്ഥയിലാണ്. മഴയിൽ വെള്ളം ഒഴുകിപ്പോകുന്നതിനായി തീർത്ത പാലത്തിന്റെ ഇരു വശങ്ങളിലുമുള്ള ഓവുകൾ അടഞ്ഞ് ചെളിവെള്ളം കെട്ടിനിന്നും കാടുകൾ വളർന്നും കാൽനടയാത്രക്കാർക്കും വാഹങ്ങൾക്കും കടന്നു പോകാൻ വയ്യാത്തവിധം അപകടാവസ്ഥയിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ സംയുക്തമായി എത്തി പാലം ശുചികരിക്കുകയായിരുന്നു.
പുതിയ പാലം വന്നതോടെ ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഇപ്പോഴും പഴയപാലം വഴിയാണ് കടന്നുപോകുന്നത്. ടൗണിലെ തിരക്ക് കുറക്കുന്നതിനും ഇത് ഏറെ സഹായകരമാകുന്നുണ്ട്. തന്തോട്, പെരുമ്പറമ്പ് ഭാഗങ്ങളിലെ കാല്നടയാത്രികർ ഇരിട്ടിയിലേക്കും തിരിച്ചും പോകാൻ ഉപയോഗിക്കുന്നത് ഈ പാലമാണ്. പാലത്തിൽ കെട്ടിനിൽക്കുന്ന ചെളിയും വെള്ളവും കാടുകളും ഇവർക്ക് ഏറെ അപകടാവസ്ഥ സൃഷ്ടിച്ചിരുന്നു. അതേസമയം വര്ഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം പാലത്തിന്റെ ഇരുമ്പ് പാളികളെല്ലാം തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. പാലത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് മേലാപ്പുകളിൽ പലതും പൊട്ടിത്തകർന്ന നിലയിലുമാണ്. എത്രയും പെട്ടെന്ന് ഇത് സംരക്ഷിക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ 1933 ൽ ബ്രിട്ടീഷുകാർ പണിത ഈ ചരിത്ര നിർമ്മിതി ഓർമ്മമാത്രമാകാനാണിട.
ശനിയാഴ്ച നടന്ന ശുചീകരണ പ്രവർത്തികൾക്ക് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളികളായ കെ.എം. രാജീവൻ, സുരേന്ദ്രൻ അത്തിക്ക, മനോജ് വിളമന, ചന്ദ്രൻ പുത്തലത്ത്, പ്രസാദ് കൂലോത്ത്, പി. വിജേഷ്, പ്രേമൻ വിളമന, ഉണ്ണി പുതുശ്ശേരി, എം. വേണുഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: