തോട് വൃത്തിയാക്കിയില്ല ; താവം ഗ്രാമം പകർച്ചവ്യാധി ഭീഷണിയിൽ

തോട് വൃത്തിയാക്കാത്തതിനാൽ താവം ഗ്രാമം പകർച്ചവ്യാധി ഭീഷണിയിൽ. ജപ്പാൻ കുടിവെള്ള വിതരണത്തിന്റെ പൈപ്പ് തോട്ടിലൂടെയാണ് സ്ഥാപിച്ചത്.ഇതുമൂലം ഒഴുക്ക് തടസ്സപ്പെടുകയും പ്രദേശത്ത് ചെളിവെള്ളം കെട്ടിക്കിടക്കാൻ ഇടയാവുകയുംചെയ്യുന്നു. ചെറുകുന്ന് ഗ്രാമപ്പഞ്ചായത്തിലെ താവം ഓയിൽ മില്ലിന് സമീപത്തെ തോടാണ്‌ മലിനജലവും മാലിന്യവും നിറഞ്ഞ് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നത്. പ്ലാസ്റ്റിക് കുപ്പികളും പമ്പേഴ്സ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയെല്ലാം തോട്ടിൽ കെട്ടിക്കിടക്കുന്നു. മാലിന്യം നിറഞ്ഞ തോട്ടിലെ ഒഴുക്ക് പൂർണമായും തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഇത് ഭീഷണിയാകുന്നു.കുട്ടികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായി സമീപത്തെ താമസക്കാർ പറയുന്നു. കൊതുകുശല്യവും കൂടിയിട്ടുണ്ട്.അസഹ്യമായ ദുർഗന്ധം കാരണം വീട്ടിൽ താമസിക്കാൻ പറ്റുന്നില്ലെന്ന് ഇവർ പറയുന്നു.ഓവുചാൽ ശുചിയാക്കാൻ ഒരു നടപടിയും അധികൃതർ കൈക്കൊള്ളുന്നില്ല. മുൻവർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഓവുചാൽ വൃത്തിയാക്കിയിരുന്നു.എന്നാൽ ഇത്തവണ അതും നടന്നില്ല. കലുങ്കിനുള്ളിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ പൈപ്പിന് സമീപത്ത് കെട്ടിക്കിടക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: