ഫോര്‍മാലിന്‍ കലർത്തി മത്സ്യക്കടത്ത്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെകെ ശൈലജ

ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്

ആരോഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വന്‍തോതിലാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നത്
മീനില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ക്കൈകൊള്ളാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. “ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാത്ത രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളും”. മന്ത്രി പറഞ്ഞു.
“വളരെ സങ്കീര്‍ണമായ വിഷയമാണിത്. ആരോഗ്യവകുപ്പിന് കീഴില്‍ മാത്രം ഇത് ഒതുങ്ങില്ല. അതിനാല്‍ ധൃതിപിടിച്ച്‌ നടപടി സ്വീകരിക്കുക സാധ്യമല്ല. നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ ഉള്‍പ്പെടെ സഹായം ആവശ്യമാണ്”. മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസം 7,000കിലോ ചെമ്മീന്‍ പിടിച്ചിരുന്നു. ഇന്ന് കൊല്ലം ആര്യങ്കാവില്‍ നിന്ന് 9,500 കിലോ മീനാണ് പിടിച്ചെടുത്തത്. ഇതില്‍ 7,000 കിലോയോളം ചെമ്മീനാണ്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വ്യാപകമായി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സാഗര്‍ റാണി എന്ന പേരില്‍ പരിശോധന ആരംഭിച്ചത്. അടുത്തിടെ തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച്‌ കളഞ്ഞു. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു.

%d bloggers like this: