റേഷന്‍ കാര്‍ഡ് അപേക്ഷയ്ക്കു വന്‍ തിരക്ക്, അടുത്ത മാസം മുതല്‍ പുതിയ കാര്‍ഡിനും മാറ്റങ്ങള്‍ വരുത്താനും ഓണ്‍ലൈനായും അപേക്ഷിക്കാം

പുതിയ റേഷന്‍ കാര്‍ഡിനും നിലവിലെ കാര്‍ഡില്‍ മാറ്റങ്ങള്‍

വരുത്തുന്നതിനും ഓണ്‍ലൈനായും അപേക്ഷകള്‍ സ്വീകരിക്കും. ജൂലൈ 16 മുതലാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുക. നേരിട്ട് അപേക്ഷ ഇന്നലെ മുതല്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനു വലിയ തിരക്കാണ് താലൂക്ക് ഓഫിസുകളില്‍ അനുഭവപ്പെടുന്നത്.
പുതിയ കാര്‍ഡ്, നിലവിലുള്ള കാര്‍ഡുകളിലെ തിരുത്തല്‍, മറ്റിടങ്ങളിലേക്കു മാറ്റല്‍, വേണ്ടെന്നുവയ്ക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനു സ്വയം അപേക്ഷിക്കുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. അക്ഷയകേന്ദ്രങ്ങള്‍ പോലുള്ള സ്ഥാപനങ്ങളുടെ സേവനം വിനിയോഗിക്കുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് നല്‍കേണ്ടിവരും. നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നതിന് 25 രൂപയാണ് ഫീസ്. ഇതു വര്‍ധിപ്പിക്കണമോയെന്നു ജൂലൈ 16നു മുന്‍പ് തീരുമാനിക്കും.
നിലവില്‍ കാര്‍ഡ് ഉള്ളവര്‍ മറ്റു താലൂക്കുകളില്‍ നിന്നു നീക്കം ചെയ്യുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും അതത് ഓഫിസുകളില്‍ നേരിട്ടു ഹാജരാകേണ്ട സാഹചര്യം ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടുകൂടി ഇല്ലാതാകും. അവരവരുടെ റേഷന്‍ കാര്‍ഡുകളുടെ പ്രിന്റ് എടുക്കുന്നതിനും ഈ സംവിധാനത്തില്‍ കഴിയും. ഇപ്രകാരം ലഭിക്കുന്ന ഇലക്‌ട്രോണിക് കാര്‍ഡുകള്‍ ഉപയോഗിക്കാം.
ആധാര്‍ നമ്ബരും തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ താമസ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയി കാര്‍ഡ് ലഭ്യമാകും. അപേക്ഷിച്ചാല്‍ രണ്ടു ദിവസത്തിനകം ലഭിക്കും വിധമുള്ള സംവിധാനമാണ് നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയിട്ടുള്ളത്.
കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ച ആദ്യദിവസമായ ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും ജീവനക്കാരും അപേക്ഷകരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

error: Content is protected !!
%d bloggers like this: