ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രകോപിതനായ ഫുട്ബോൾ താരം റഫറിയുടെ കരണത്തടിച്ചു.

വെള്ളരിക്കുണ്ട്.: ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രകോപിതനായ ഫുട്ബോൾ താരം റഫറിയുടെ കരണത്തടിച്ചു.
പരപ്പ കൂളിപ്പാറയില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടയിലാണ് റഫറിക്ക് നേരെ ആക്രമണം ഉണ്ടായത്. കളി നിയന്ത്രിച്ചിരുന്ന റഫറി പരപ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പരേതനായ ഹസൈനാറിന്റെ മകന്‍ പാട്ടില്ലത്ത് മുഹമ്മദ്കുഞ്ഞിയെയാണ് ബേക്കല്‍ ഹദ്ദീദ് നഗര്‍ ക്ലബ്ബിലെ പത്താംനമ്പര്‍ കളിക്കാരന്‍ അക്രമിച്ചത്. ചായ്യോത്ത് ടീമും ബേക്കല്‍ ഹദ്ദാദ് നഗറിലെ ടീമും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. മത്സരത്തിനിടയില്‍ ഫൗള്‍ചെയ്ത ചായ്യോത്ത് ടീമിലെ കളിക്കാരനെ ചുവന്ന കാര്‍ഡ് കാണിച്ച് പുറത്താക്കാത്തതിനെതിരെ ഹദ്ദാദ് നഗറിലെ കളിക്കാര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ റഫറി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ പ്രകോപിതനായ പത്താംനമ്പര്‍ കളിക്കാരന്‍ റഫറിയെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.. റഫറി മുഹമ്മദ്കുഞ്ഞിയുടെ പരാതിയില്‍ കളിക്കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.