‘മൃതദേഹം വേണ്ട സര്‍ട്ടിഫിക്കറ്റ് മതി’; ദുബൈയില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം

കൊച്ചി: ദുബൈയിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാതെ കുടുംബം. മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിയിട്ടും കുടുംബാംഗങ്ങളാരും ഏറ്റെടുക്കാൻ തയാറായില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിയത്. നിലവിൽ ആംബുലൻസിൽ കയറ്റി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കാത്തു കിടക്കുകയാണ്.
ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി ദുബൈയിൽ ആത്മഹത്യ ചെയ്തത്. മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ ശ്രമം തുടങ്ങിയപ്പോൾ തന്നെ ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മരണ സർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റ് സർട്ടിഫിക്കറ്റുകളും മാത്രം നൽകിയാൽ മതിയെന്നായിരുന്നു കുടുംബാംഗങ്ങൾ അറിയിച്ചത്.
അധിക ദിവസം മൃതദേഹം ദുബൈയിൽ സൂക്ഷിക്കാനാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും അതിന്റെ ഫലമായി നാട്ടിലെത്തിച്ചശേഷം വിളിച്ചാൽ മതിയെന്ന് കുടുംബാംഗങ്ങൾ അറിയിക്കുകയുമായിരുന്നു. സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
സബിയ എന്ന ഒരു പെൺകുട്ടിയാണ് നെുമ്പാശ്ശേരിയിൽ മൃതദേഹം ഏറ്റുവാങ്ങിയത്. മരിച്ചയാളുടെ സുഹൃത്താണ് സബിയ. മൃതദേഹം ഏറ്റുവാങ്ങാൻ സബിയയുടെ പേരാണ് വെച്ചിരുന്നത്. മരിച്ചയാൾ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിനായി കേസ് നൽകിയിട്ടുണ്ട്. മൂന്നു വർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇയാൾ സുഹൃത്തായ യുവതിക്കൊപ്പമായിരുന്നു കഴിഞ്ഞത്. അതിനിടെയാണ് വീണ്ടും ദുബൈയിലേക്ക് പോയത്.