വെള്ളോറ അനിക്കംപാറയിൽ മാലിന്യം നിക്ഷേപിച്ച വ്യക്തിക്ക് കനത്ത പിഴയിട്ട് എരമം കുറ്റൂർ പഞ്ചായത്ത്

പഴയങ്ങാടി സ്വദേശി അബ്ദുൾ മനാഫിനാണ് അരലക്ഷം രൂപ പിഴയിട്ടത്
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത മാലിന്യ മുക്ത പരിപാടി നടപ്പിൽ വരുത്തുവാൻ നടപടികൾ കർശനമാക്കി.
പൊതുജന പങ്കാളിത്തത്തോടെ പഞ്ചായത്ത് പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് വിവിധ സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ദിവസം വെള്ളോറ അനിക്കംപാറയിൽ മാലിന്യ കൂമ്പാരം നിക്ഷേപിച്ചതായി കണ്ടെത്തിയ നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് വൈസ്.പ്രസിഡൻട് ഷൈനി ബിജേഷ്, അസിസ്റ്റൻ്റ് സെക്രട്ടറി എ.കെ.വേണുഗോപാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ .കെ .ടി.ജയപ്രകാശ്, പി. പ്രതീഷ്, വി.ഇ.ഒ. ബേബി ജിഷ, ഡ്രൈവർ സന്തോഷ്.എം എന്നിവരടങ്ങിയ സംഘം പരിശോധിക്കുകയും മാലിന്യങ്ങൾ പഴയങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് തള്ളിയതാണെന്ന് തിരിച്ചറിയുകയും ചെയ്തു. മാലിന്യം തള്ളിയ പഴയങ്ങാടിയിലെ അബ്ദുൾ മനാഫിൽ നിന്നും അര ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. തുടർന്ന് സ്ഥല ഉടമയോട് ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുവാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും യഥാവിധി സംസ്കരിക്കാമെന്ന് എഴുതി വാങ്ങുകയും പിഴ അടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു .
തുടർ പരിശോധയിൽ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങളെ തിരിച്ചറിയുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളിൽ നിന്ന് കൂടി പിഴ ഈടാക്കുമെന്ന് അസി.സെക്രട്ടറി എ.കെ.വേണുഗോപാൽ അറിയിച്ചു. ഏപ്രിൽ – മെയ് മാസങ്ങളിലായി ശുചിത്വ സ്ക്വാഡിൻ്റെ പരിശോധയിൽ അശാസ്ത്രീയമായി മാലിന്യങ്ങൾ കൈകാര്യം ചെയ്ത ക്വേട്ടേഴ്സുകൾ, സ്ഥാപനങ്ങൾ, വീട്ടുടമസ്ഥർ എന്നിവരിൽ നിന്നായി ഒരു ലക്ഷത്തി ആറായിരം രൂപ പിഴ ഈടാക്കിയതായി അസി.സെക്രട്ടറി അറിയിച്ചു.
ശുചിത്വ പ്രവർത്തനത്തിൻ്റെ ഭാഗമായി എല്ലാ തോടുകളും ഇതിനകം ശുചീകരിക്കപ്പെട്ടിട്ടുണ്ട് ഇനിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് തോടുകൾ, തെരുവോരങ്ങൾ ഇവ വൃത്തിഹീനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് .ടി.ആർ.രാമചന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ശുചിത്വ ഗ്രാമസഭ ചേരുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യ സംസ്ക്കരണ പരിപാടികളുമായി സഹകരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.