കുറ്റ്യാട്ടൂരിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി

മയ്യിൽ: വർഷങ്ങളായി കക്കൂസ് മാലിന്യം തള്ളുന്നവരെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും സ്വകാര്യമായി പിന്തുടർന്നും പിടികൂടി. ഇവരിൽനിന്ന് അധികൃതർ പിഴയീടാക്കി. ഈയിടെ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വടുവൻകുളം, അമിഞ്ചേരി, അരയാൽമൊട്ട, വെള്ളുവയൽ ഭാഗങ്ങളിലായി മാലിന്യം തള്ളുന്നവരെയാണ് ദീർഘകാലത്തിനുശേഷം പിടികൂടിയത്. ഇടുക്കി നേര്യമംഗലം സ്വദേശികളായ അമൽ മാത്യു, കെ.ടി. ദീപു, സുനീഷ് എന്നിവരെയാണ് നാട്ടുകാർ സംഘടിച്ചെത്തി പിടികൂടിയത്

കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എത്തുമ്പോഴേക്കും വാഹനവുമായി കടന്നുകളഞ്ഞിരുന്നു.

തുടർന്ന് ചട്ടുകപ്പാറയിലെ സഹകരണ ബാങ്കിനു സമീപമുള്ള സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ നമ്പർ സംഘടിപ്പിച്ച് അന്വേഷണം നടത്തുകായിരുന്നു.

ഇതിനിടയിൽ ചെക്കിക്കുളത്തെ ഒരു വീട്ടിൽനിന്നും ഈ വാഹനം മാലിന്യം ശേഖരിച്ചതായി വിവരം ലഭിച്ചു. തുടർന്നാണ് ഇവരെ പിടികൂടിയത്.

വിവിധയിടങ്ങളിൽ മാലിന്യം തള്ളിയിട്ടുണ്ടെന്ന് മയ്യിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. ധർമശാലയിൽ താമസിക്കുന്ന ഇവരിൽനിന്ന് പഞ്ചായത്ത് സെക്രട്ടറി അഫ്‌സത്ത്, അസി. സെക്രട്ടറി ഇ.പി. സുധീഷ് എന്നിവർ ചേർന്ന് 50,000 രൂപ പിഴയിടാക്കി.

പഞ്ചായത്തിന്റെ സമീപത്തായി അടുത്തിടെ തള്ളിയ മാലിന്യം ഇവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: