ചിറക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍ ; ചിറക്കലിലെ സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍(81) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11.30ന് പയ്യാമ്പലത്ത്. അസുഖത്തെ തുടര്‍ന്ന് എകെജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിപിഐഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, ചിറക്കല്‍ ബേങ്ക് പ്രസിഡന്റ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ചിറക്കലിനെ ഇന്ന് കാണുന്ന വികസന കുതിപ്പിലേക്ക് നയിച്ച വ്യക്തിയാണ്.

അധ്യാപക പ്രസ്ഥാന രംഗത്തിന്റെ നായകനായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിരവധി സ്കൂളിലെ അധ്യാപകനായിരുന്നു. മന്ത്രി ഇ ചന്ദ്രശേഖരന്‍ സിഎച്ചിന്റെ ശിഷ്യനാണ്. കെജിപിടിഎയുടെ സംസ്ഥാന ട്രഷറര്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അധ്യാപക സംഘടനാ രംഗത്ത് ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കര്‍ഷക സംഘം ജില്ലാ ട്രഷറായും പ്രവര്‍ത്തിച്ചു.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം, സിപിഐഎം ചിറക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഇഎംഎസ് ചെയര്‍ കണ്‍വീനര്‍,  ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഭാര്യ സതി. മക്കള്‍ രഞ്ചിത്ത് (എയര്‍ ഇന്ത്യ, കോഴിക്കോട് എയര്‍പോര്‍ട്ട്), ശ്രീജിത്ത് (തളിപറമ്പ് ഗവ. എംപ്ലോയീസ് സൊസൈറ്റി), വീണ(ആസാം). മരുമക്കള്‍ രശ്മി, സീന, പ്രമോദ്(എയര്‍ഫോഴ്സ്, ആസാം). സഹോദരങ്ങള്‍ രാധ(മേലൂര്‍), പരേതരായ ദേവി, കാര്‍ത്യായനി.

 
  ചിറക്കലിന്റെ വികസന ശില്‍പ്പി സി എച്ച് ബാലകൃഷ്ണന്‍ യാത്രയായത് അവസാന ആഗ്രഹം മാറ്റി വെച്ച്.

  1945കള്‍ മുതല്‍ അധ്യാപക സംഘടനാ രംഗത്ത് പ്രവൃത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിഷ്യ സമ്പത്തുണ്ടായിരുന്നു. ഇവരില്‍ ചുരുക്കം ചില ആളുകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇവരുടെയും ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സംഗമം ചിറക്കലിലെ വീട്ടില്‍ നിശ്ചയിച്ചിരുന്നു. അധ്യാപക സംഘടനാ രംഗത്ത് കെജിപിടിഎയുടെ ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവൃത്തിച്ചപ്പോള്‍ ചുമതല ഉണ്ടായിരുന്ന കൊടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ചായിരിക്കണം സംഗമം എന്ന് നിശ്ചയിച്ച് മാര്‍ച്ച് അവസാനം കൊടിയേരി തീയ്യതിയും നല്‍കി. എന്നാല്‍ അപ്പോഴേക്കും കൊവിഡ് 19 കാരണം പൊതുപരിപാടികളെല്ലാം മാറ്റി വെച്ചു. കമ്മ്യൂണിസ്റ്റ് കാരനായതിന്റെ പേരില്‍ ചിറക്കല്‍ രാജാസ് സ്കൂളില്‍ നിന്ന് പിരിച്ച് വിടുകയും പുഴാതിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുത്ത് ഏക അധ്യാപകനായും ജോലി ചെയ്തു. കാസര്‍ഗോഡ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭിച്ച് ജോലി എടുക്കുമ്പോള്‍ അനാചാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അവിടം. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പടപൊരുതിയാണ് സംഘടനാ രംഗത്ത് സജീവമായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്കൂള്‍ ജീവിതം ആയിരക്കണക്കിന് ശിഷ്യന്‍മാരെ ഉണ്ടാക്കി. കൊട്ടിയൂരില്‍ ദീര്‍ഘകാലം ഒരു വീട്ടില്‍ താമസിച്ച് ജോലി ചെയ്തിരുന്നു. കൊട്ടിയൂരിലെ നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുന്നേ വീട്ടിലെത്തിയ ആദരിച്ചിരുന്നു.
  സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെയാണ് സര്‍ക്കാരില്‍ നിന്ന് പ്രത്യേക പെര്‍മിഷന്‍ എടുത്ത് ചിറക്കല്‍ ബേങ്ക് പ്രസിഡന്റായത്. ദീര്‍ഘകാലം പ്രസിഡന്റായി നടത്തിയ ഇടപെടലാണ് ഇന്ന് ചിറക്കല്‍ ബേങ്കിനെ സംസ്ഥാനത്തെ പ്രധാന ബേങ്കാക്കി മാറ്റിയത്. ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റായതിനെ തുടര്‍ന്ന് എണ്ണിയാല്‍ തീരാത്ത വികസന കുതിപ്പിനാണ് ചിറക്കല്‍ സാക്ഷ്യം വഹിച്ചത്. പ്രദേശത്തെ എല്ലാവര്‍ക്കും പ്രീയപ്പെട്ട മാഷിനെ ചെന്ന് കണ്ടാല്‍ പ്രശ്ന പരിഹാരമാകും.
ചിറക്കല്‍ രാജാസ് സ്കൂള്‍ കച്ചവടം നടത്തി വര്‍ഗീയ വാദികളുടെ സഹകരണത്തോടെ ചിലര്‍ പിടിച്ചെടുക്കാന്‍ തുനിഞ്ഞപ്പോള്‍ സിഎച്ചിന്റെ ഇടപെടലാണ് ഇന്ന് കാണുന്ന രീതിയില്‍ ചിറക്കല്‍ ബേങ്കിനെ കൊണ്ട് സ്കൂള്‍ വാങ്ങിപ്പിച്ചത്. ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി ഭരണ സമിതിയില്‍ കോണ്‍ഗ്രസ്കാരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി എന്ന നിലയില്‍ മരിക്കുന്നത് വരെ രംഗത്ത് സജീവമായിരുന്നു. പ്രായമായ സമയത്തും ചിറക്കലിലെയും പരിസര പ്രദേശങ്ങളിലെയും ലൈബ്രറികളെ സജീവമാക്കാന്‍ നിരന്തര ഇടപെടല്‍ നടത്തി.
  ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് വേണ്ടി ദീര്‍ഘകാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രവൃത്തിക്കുന്നു. ചിറക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്നതില്‍ പ്രധാന പങ്കാണ് സിഎച്ച് വഹിച്ചത്. ചെറുചേരിക്കല്ല് എന്ന ചരിത്ര പുസ്തകം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉപയോഗിക്കുന്നു. മരണ വിവരം അറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയിലെത്തി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കൊല്ലോന്‍ മോഹനന്‍, ലോക്കല്‍ സെക്രട്ടറി പി അനില്‍കുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. ബുധനാഴ്ച രാവിലെ 9ന് മൃതദേഹം വീട്ടിലെത്തിക്കും. കോവിഡ് 19ന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പൊതു ദര്‍ശനം. 11.30ന് പയ്യാമ്പലത്ത് സംസ്കരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: