കര്‍ശന സുരക്ഷയില്‍ പരീക്ഷ: കണ്ണൂരിൽ എസ്എസ്എല്‍സി എഴുതിയത് 33778 വിദ്യാര്‍ഥികള്‍

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശിച്ച കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ ജില്ലയില്‍ എസ് എസ് എല്‍ സി, വി എച്ച് എസ് ഇ പരീക്ഷയെഴുതി വിദ്യാര്‍ഥികള്‍. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ആശങ്കകള്‍ക്കിട നല്‍കാതെയാണ് ലോക് ഡൗണ്‍ കാലത്തെ ആദ്യ പരീക്ഷ നടന്നത്. 33722 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 56 വിദ്യാര്‍ഥികള്‍ മറ്റ് ജില്ലകളില്‍ നിന്ന് സെന്റര്‍ മാറ്റം വഴി കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതി. ഇവരെ കൂടി ചേര്‍ത്താല്‍ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 33778 വിദ്യാര്‍ഥികളാണ്. 33737 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷക്ക് ഹാജരകാത്ത 15 പേരില്‍ 9 പേര്‍ മാര്‍ച്ചിലെ പരീക്ഷകളും എഴുതാത്തവരാണ്.

ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍ നിന്നുള്ള 19 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയും 14 പേര്‍  വി എച്ച് എസ് ഇ പരീക്ഷയും എഴുതി. ഇവരെ പ്രത്യേക മുറികളിലാണ് പരീക്ഷ എഴുതിച്ചത്.

വി എച്ച് എസ് ഇ വിഭാഗത്തില്‍ ജില്ലയില്‍ 2591 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ആകെ 2623 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 30 പേര്‍ മാര്‍ച്ചില്‍  നടന്ന പരീക്ഷകളിലും ഹാജരായിരുന്നില്ല. സെന്റര്‍ മാറ്റം കിട്ടിയ 25 പേര്‍ കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതി.

ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച  ക്രമീകരണങ്ങള്‍ക്കൊപ്പം പൊലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ നടപടികളും പരീക്ഷാ കേന്ദ്രങ്ങളിലൊരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറന്നില്ല. കണ്ടെയിന്‍മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും  ഏര്‍പ്പെടുത്തി.

ഒരു ക്ലാസ്സില്‍ 20 വിദ്യാര്‍ഥികള്‍ എന്ന രീതിയിലാണ് പരീക്ഷ ഹാള്‍ ക്രമീകരിച്ചത്. തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തിയാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിലേക്ക് ്രപവേശിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും പി ടി എയുടെയും നേതൃത്വത്തിലാണ് ഓരോ സ്‌കൂളുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്.  വിദ്യാര്‍ഥികള്‍ക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും വാഹന സൗകര്യവും ഏര്‍പ്പാടാക്കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം സ്‌കൂളുകളില്‍ അണുനശീകരണവും നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: