കോവിഡ് പ്രതിരോധം; വയോജനങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിയുമായി ആയുര്‍വേദ വകുപ്പ്

കോവിഡ് 19 വൈറസ് ബാധയുണ്ടാവാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗമെന്ന നിലയില്‍ വയോജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി ജില്ലാ ആയുര്‍വേദ വകുപ്പ്. 60 വയസിനു മുകളില്‍ പ്രായമുള്ളവരെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങളും ചികിത്സയും അടങ്ങിയ സുഖായുഷ്യം പദ്ധതിയാണ് ജില്ലയില്‍ നടപ്പിലാക്കുക. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ആയുര്‍വേദ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവ കേന്ദ്രീകരിച്ച് ഇതിന് സംവിധാനമൊരുക്കും.
കൊറോണ കാലത്ത് വയോജനങ്ങള്‍ വീടുകളില്‍ നിന്നിറങ്ങരുതെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ വഴിയുള്ള ചികില്‍സാ രീതിക്കാണ് പ്രാമുഖ്യം നല്‍കുക. ഇതിനായി അങ്കണവാടി ടീച്ചര്‍മാര്‍ വഴി ഇവരുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കും. തദ്ദേശ സ്ഥാപന തലത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും റിസോഴ്‌സ് ഗ്രൂപ്പ് വഴിയാണ് ചികില്‍സാ പദ്ധതി നടപ്പിലാക്കുക. വയോജനങ്ങളെ നേരിട്ട് വിളിച്ചും ആവശ്യമെങ്കില്‍ വീടുകള്‍ സന്ദര്‍ശിച്ചും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ചികില്‍സയും ലഭ്യമാക്കും.
ഭാവിയില്‍ ഇതൊരു തുടര്‍ ചികില്‍സാ രീതിയായി വികസിപ്പിക്കാനുതകും വിധത്തിലാണ് പദ്ധതി നടപ്പിലാക്കുക. അതിനായി ഓരോ വ്യക്തിയുടെയും മെഡിക്കല്‍ റെക്കോഡ് സൂക്ഷിച്ചുവയ്ക്കുന്നതിന് സംവിധാനമൊരുക്കും. ഓരോ ആഴ്ചയിലും ഫോണിലൂടെ ഇവരുടെ ആരോഗ്യ സ്ഥിതി അവലോകനം ചെയ്യും. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കും. ഇതോടൊപ്പം 60 വയസ്സിന് താഴെയുള്ളവര്‍ക്ക് മരുന്നുകള്‍ കുറച്ച് ലഘു വ്യായാമം ഉള്‍പ്പെടെയുള്ളവ ശീലിപ്പിക്കുന്നതിനും ദിനചര്യ, നല്ല ഭക്ഷണം എന്നിവയിലൂടെ മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്വാസ്ഥ്യം പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കും.
സുഖായുഷ്യം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെ പി ജയബാലന്‍, ആയുര്‍വേദ ഡിഎംഒ ഡോ. എസ് ആര്‍ ബിന്ദു, ആയുര്‍വേദ ഡിപിഎം ഡോ. കെ സി അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് ആയുര്‍വേദ വകുപ്പിന് അനുവദിച്ച തുകയില്‍ നിന്ന് പദ്ധതിക്കായി 10 ലക്ഷം രൂപ ചെലവഴിക്കാന്‍ യോഗം അനുമതി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: