ഇരിട്ടി ആറളം ഫാമിലെ 156 ഏക്കർ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയിൽ ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം.) ആദിവാസികൾക്ക് പതിച്ചുനൽകിയ ഫാമിലെ 156 ഏക്കർ തിരിച്ചുപിടിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. രൂക്ഷമായ കാട്ടാന ആക്രമണത്തിന് പരിഹാരം കാണുന്നതിനാണ് ഇതെന്നാണ് വിശദീകരണം. പുനരധിവാസമേഖലയിലെ 13-ാം ബ്ലോക്കിൽ 156 കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിലാണ് അവകാശമുന്നയിച്ച് ആറളം വന്യജീവിസങ്കേതം അധികൃതർ ടി.ആർ.ഡി.എം. സൈറ്റ് മാനേജർക്ക് കത്ത് നൽകിയത്. വന്യജീവിസങ്കേതവുമായി അതിർത്തി പങ്കിടുന്ന പ്രദേശം കാടുമൂടി വനത്തിന് സമാനമാണ്. ഇവിടങ്ങളിലാണ് കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ താവളമാക്കുന്നതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആനശല്യവും മറ്റും കാരണം ഈപ്രദേശത്ത് ഇപ്പോൾ ജനവാസമില്ല. ഇത് വനമേഖലയോട് ചേർത്താൽ വന്യമൃഗപ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം.

ഫാമിൽ നാലുഘട്ടമായി ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽപ്പെട്ടതാണിത്. പട്ടയം അനുവദിച്ചെങ്കിലും ഭൂമിയുടെ ക്രയവിക്രിയം നടക്കണമെങ്കിൽ പുനരധിവാസമിഷന്റെ അനുമതി വേണം. കാടുമൂടിക്കിടന്ന പ്രദേശം എന്ന നിലയിലും വന്യജീവിസങ്കേതവുമായി അതിർത്തി പങ്കിടുന്നുവെന്ന കാരണവും പറഞ്ഞ് ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തെ ചെറുക്കാനാണ് ടി.ആർ.ഡി.എമ്മിന്റെ തീരുമാനം.
പുരധിവാസമിഷന്റെ കൈവശമുള്ള സ്ഥലത്തിന്റെ സ്‌കെച്ചും അതിർത്തിനിർണയ രേഖയും ഉടൻ സമർപ്പിക്കണമെന്നാണ് കത്തിൽ പറയുന്നത്. പുനരധിവാസമേഖലയിലെ 20 കിലോമീറ്ററോളം പ്രദേശം വനവുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥാപിച്ച വന്യജീവി പ്രതിരോധമാർഗങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കുന്നതിനു പകരം കാടുമൂടിയതിന്റെ പേര് പറഞ്ഞ് സ്ഥലം കൈവശപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് ആദിവാസി പുനരധിവാസമിഷൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വന്യമൃഗപ്രശ്നം പരിഹരിക്കുന്ന വിഷയത്തിൽ ഫാമും ആദിവാസി പുനരധിവാസമിഷനും ഒരുവശത്തും വനംവകുപ്പ് മറുഭാഗത്തുമായി ശീതസമരം തുടരുകയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: