റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം; ക്വാറന്റൈനിൽ കഴിയുന്നവർക്ക് മൊബൈൽ റീചാർജ്, ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇവയൊക്കെ

കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയിൽ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ഘട്ടത്തിൽ 2,36,000 പേരടങ്ങുന്ന സന്നദ്ധസേനയെ രംഗത്തിറക്കും. 941 പഞ്ചായത്തുകളിൽ 200 വീതവും 87 മുനിസിപ്പാലിറ്റികളിൽ 500വീതവും ആറ് കോർപറേഷനുകളിൽ 750 വീതവും സന്നദ്ധപ്രവർത്തകർ ഉണ്ടാവും. സന്നദ്ധ സേനയിൽ അംഗമാകാൻ സന്നദ്ധം എന്ന വെബ് പോർട്ടലിലൂടെ (sannadham.kerala.gov.in) ഓൺലൈനിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനായി യുവാക്കൾ അർപ്പണബോധത്തോടെ മുന്നോട്ടുവരണം.
ഇവർക്ക് വ്യത്യസ്ത ചുമതലകൾ നിറവേറ്റണ്ടതായി വരും. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീട്ടിലെത്തിക്കുന്നതിനും സന്നദ്ധസേനാംഗങ്ങളുടെ സഹായം വേണ്ടിവരും. ആശുപത്രിയിൽ കൂട്ടിരിക്കുന്നതിനും പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണം ക്രമമായി നടത്തുന്നതിനും മറ്റു സംവിധാനങ്ങളിൽ നിന്ന് വിട്ടുപോയവരെ കണ്ടെത്തി സഹായം എത്തിക്കുന്നതിനും ഇവരുടെ സഹായം പ്രയോജനപ്പെടുത്തും. സന്നദ്ധസേനാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. യാത്രാചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. നിലവിലുള്ള സാമൂഹ്യ സന്നദ്ധ സേനയുടെ ഭാഗമായി ഇവരെ മാറ്റും. പ്രാദേശികമായി ഇവർക്ക് പരിശീലനം നൽകും. ആശുപത്രിയിലുള്ളവർക്ക് കൂട്ടിരിക്കുന്നതിനായി യുവജന കമ്മീഷൻ ഒറ്റ ദിവസം കൊണ്ട് 1465 സന്നദ്ധ പ്രവർത്തകരെ തയ്യാറാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കാർഡില്ലാത്തവർക്കും സംസ്ഥാനത്തെ റേഷൻ കടകൾ വഴി സൗജന്യ ഭക്ഷ്യധാന്യം നൽകാൻ ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കും. ഇവരുടെ ആധാർ നമ്പർ പരിശോധിച്ച് മറ്റ് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയാവും ഭക്ഷ്യധാന്യം നൽകുക. സഹകരണ സ്ഥാപനങ്ങൾ വഴി ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വിലകൂട്ടി വിൽക്കാൻ അനുവദിക്കില്ല. ഇത്തരം സംഭവങ്ങളിൽ കർക്കശ നടപടിയുണ്ടാവും. സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി ഓഡിയോ കോൺഫറൻസ് നടത്തിയിരുന്നു. മൊത്തക്കച്ചവടക്കാരിൽ നിന്ന് റീട്ടെയിൽ വ്യാപാരികളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് തടസമുണ്ടാവില്ല. മൂന്നോ നാലോ മാസത്തേക്കുള്ള സാധനം സ്‌റ്റോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള തടസം ഒഴിവാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ഇക്കാര്യം ഉന്നതതല സംഘം വിലയിരുത്തും. ഇതരസംസ്ഥാനങ്ങളിൽ നിന്ന് സാധാനങ്ങളെത്തിക്കാൻ ആവശ്യമെങ്കിൽ ഇവിടെ നിന്ന് കോൺവോയ് അടിസ്ഥാനത്തിൽ വാഹനങ്ങൾ അയയ്ക്കും. ബന്ധപ്പെട്ട എല്ലാ ഇതര സംസ്ഥാന സർക്കാരുകളുമായും ഇക്കാര്യത്തിൽ ധാരണയിലെത്തും. കേന്ദ്രസഹകരണവും തേടും.
അതിഥി തൊഴിലാളികളെ ചിലയിടങ്ങളിൽ താമസ സ്ഥലത്തുനിന്ന് ഇറക്കി വിടാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. ഇത് അനുവദിക്കില്ല. ഇവരെ ഇറക്കി വിടുന്നതിനു പകരം ഉചിതമായ താമസവും ഭക്ഷണവും വൈദ്യുസഹായവും ഒരുക്കണം. ഇക്കാര്യത്തിൽ ആവശ്യമായ പരിഹാരം കാണാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ പ്രത്യേക ചുമതലയും ഉറപ്പുവരുത്തും.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വിളിച്ചിരുന്നു. കേരളത്തിന്റെ പ്രവർത്തനത്തിൽ അദ്ദേഹം ഏറെ മതിപ്പ് രേഖപ്പെടുത്തിയത് സന്തോഷം പകരുന്ന കാര്യമാണ്. ഓരോ ദിവസത്തെയും കേരളത്തിലെ നടപടികൾ കേന്ദ്രത്തെ അറിയിക്കാൻ നടപടി സ്വീകരിക്കും.കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വർദ്ധനവ് കേരളം ആവശ്യപ്പെട്ടിരുന്നതാണ്. നാം ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയിൽ കേന്ദ്ര പാക്കേജ് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികൾക്ക് പുറമെ മറ്റു സാധ്യതകളും സർക്കാർ പ്രയോജനപ്പെടുത്തും. 879 സ്വകാര്യ ആശുപത്രികളിലെ 69434 കിടക്കകളും 5607 ഐ. സി. യുകളും 716 ഹോസ്റ്റലുകളിലെ 15333 മുറികളും ഉപയോഗിക്കും. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. 43 തദ്ദേശസ്ഥാപനങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. 94 പഞ്ചായത്തുകളിൽ 861 സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളിൽ 84 സ്ഥലം കണ്ടെത്തി. ആറ് കോർപറേഷനുകളിൽ ഒമ്പത് ഇടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികതലത്തിൽ വോളണ്ടിയർമാരെ കണ്ടെത്തി വരും ദിവസങ്ങളിൽ ഭക്ഷണവിതരണം ആരംഭിക്കും.
ജനങ്ങൾ അനാവശ്യ സഞ്ചാരവും കറങ്ങി നടത്തവും ഉപേക്ഷിക്കണം. ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ പോകുന്നതിന് ജനങ്ങൾക്ക് അവകാശമുണ്ട്. ഇങ്ങനെ പോകുന്നവർ കൈയിൽ സത്യവാങ്മൂലം കരുതണം. കാര്യങ്ങൾ നല്ലനിലയ്ക്ക് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനും നല്ല പെരുമാറ്റത്തോടെ കാര്യങ്ങൾ നിർവഹിക്കാനും പോലീസിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ചിലർ അതിരുവിടുന്നുവെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ തടഞ്ഞ അനുഭവവുമുണ്ട്. അത് സംസ്ഥാനത്തിന്റെ പൊതുമതിപ്പിന് ചേരാത്തതാണ്. ഇത്തരം രീതി നല്ല പ്രവർത്തനം നടത്തുന്ന പോലീസുകാർക്കടക്കം അവമതിപ്പുണ്ടാക്കും. അത്തരം നീക്കം പൂർണമായി ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണവും അവശ്യ വസ്തുക്കളും കൊണ്ടുപോകാൻ തടസമുണ്ടാകാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണം. മൊത്തക്കച്ചവടക്കാരുമായി നടത്തിയ ചർച്ചയിൽ വെയർഹൗസുകളുടെ പ്രവർത്തനം 24 മണിക്കൂറുമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നവജാതശിശുക്കൾക്കാവശ്യമുള്ള വസ്ത്രം മെഡിക്കൽ ഷോപ്പുകൾ വഴി വിതരണം ചെയ്യാൻ നടപടിയുണ്ടാവും. 2012 നുശേഷം വിരമിച്ച 1640 ഡോക്ടർമാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ അനുഭവജ്ഞാനവും സന്നദ്ധതയും നാടിന് മുതൽക്കൂട്ടാവുമെന്നതിനാൽ അവരെ വേണ്ട വിധം ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കും. അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. ഇവരുടെ സേവനവും യുക്തമായ രീതിയിൽ ഉപയോഗിക്കും. ഗർഭിണികളെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും അവശ്യ സർവീസ് വിഭാഗങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് ആലോചിക്കും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് യാത്രാസൗകര്യം ഒരുക്കാൻ കെ. എസ്. ആർ. ടി. സി സൗകര്യം ഒരുക്കും. ബി. എസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ അവസാന തീയതി മാർച്ച് 31ൽ നിന്ന് നീട്ടാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന ചരക്ക് വാഹനങ്ങൾക്ക് പെർമിറ്റ് ഒഴിവാക്കിയിട്ടുണ്ട്. ക്ഷീരവികസനം, മൃഗസംരക്ഷണ വകുപ്പുകളെ അവശ്യ സേവന വകുപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്യഷോപ്പുകൾ പൂട്ടിയത് ചില പ്രശ്‌നങ്ങൾക്കിടയാക്കിയിട്ടുണ്ട്. വ്യാജവാറ്റ് ആരംഭിച്ചിരിക്കുന്നു. ഇതിനെതിരെ എക്‌സൈസ് കർശന നടപടി സ്വീകരിക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള മാർഗം മൊബൈൽ ഫോണുകളാണ്. ഇവ റീചാർജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഒന്നുകൂടി ക്രമപ്പെടുത്തും. കോവിഡ് 19മായി ബന്ധപ്പെട്ട അവശ്യ സർവീസുകളെ ഉൾപ്പെടുത്തിയ ഉത്തരവിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ഉണ്ടാവും. കോവിഡ് വിവരങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന, ജില്ലാ തലത്തിൽ പി. ആർ. ഡി സംവിധാനം ഒരുക്കും.
ഹോട്ടൽ ഉടമകളുടെ സംഘടന 800 ഹോട്ടലുകൾ ഭക്ഷണം പാകം ചെയ്യാൻ വിട്ടു നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ രണ്ടു ലക്ഷം മാസ്‌ക്കും. പത്ത് ലക്ഷം രൂപയുടെ സാനിറ്റൈസറും നൽകാമെന്നും അറിയിച്ചു. കാറ്ററിംഗ് സ്ഥാപനങ്ങളുടെ സംഘടന കമ്മ്യൂണിറ്റി കിച്ചനായി തങ്ങളുടെ സൗകര്യം വിട്ടുനൽകാമെന്നും അറിയിച്ചു. മാലിന്യ നിർമാർജനത്തിന് തടസമുണ്ടാകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: