അവശ്യസാധനങ്ങളുടെ വിലക്കയറ്റം വ്യാപകമായി പരാതികള്‍; കർശ്ശന നടപടിയുമായി അധികൃതർ
കണ്ണൂർ :ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍. കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമ പ്രകാരം നടപടി സ്വീകരിച്ചു. സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചില പ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്തി ഏകീകൃത വിലയില്‍തന്നെ സാധനങ്ങള്‍ വില്‍ക്കണമെന്ന് നിര്‍ദേശിച്ചു. തളിപ്പറമ്പ്, പയ്യന്നൂര്‍, രാമന്തളി, പെരുമ്പ എന്നിവിടങ്ങളിലെ 25 വ്യാപാര സ്ഥാപനങ്ങളിലും കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ ടൗണ്‍, നാറാത്ത്, പാപ്പിനിശ്ശേരി ഭാഗങ്ങളിലെ 32 സ്ഥാപനങ്ങളിലും ഇരിട്ടി, മട്ടന്നൂര്‍, കേളകം ഭാഗങ്ങളില്‍ 12 സ്ഥാപനങ്ങളിലും തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ 15 സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.
ജില്ലയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് വ്യാപകമായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അറിയിച്ചു.
ജില്ലയിലെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മുന്‍കരുതല്‍ എന്ന നിലയില്‍ വിവരശേഖരണം ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നും ജില്ലയിലേക്ക് കൊണ്ടുവന്ന അഞ്ച് ലോഡ് ഭക്ഷ്യവസ്തുക്കള്‍ വീരാജ്പേട്ട ചെക്ക്പോസ്റ്റില്‍ തടഞ്ഞ സാഹചര്യത്തില്‍ കൊറോണ സെല്ലും സംയോജിതമായി ഇടപെട്ടിരുന്നു.