ഇരിട്ടിയില്‍ വന്‍ സ്‌ഫോടകശേഖരം: തൃശൂര്‍ സ്വദേശി പിടിയില്‍…

ഇരിട്ടി: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകശേഖരം ഇരിട്ടി എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തൃശൂര്‍ മണ്ണുത്തി പാണഞ്ചേരി കളപ്പറമ്പില്‍ ഹൗസില്‍ കെ.ജെ. അഗസ്റ്റിന്‍ (32)നെ കസ്റ്റഡിയിലെടുത്തു.        ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കിളിയന്തറ ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് വന്‍ സ് ഫോടകശേഖരം പിടികൂടിയത്. ബംഗ്‌ലൂരുവില്‍ നിന്നും പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജേന കെ എല്‍ 48 സി 5717 പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 25 കിലോഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്, 7 കിലോഗ്രാം വിതമുള്ള9 പേക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി ഹംസക്കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ബൈജേഷ്, പി.കെ മനീഷ്, കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ബംഗ്‌ലൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ഏജന്റുമാര്‍ മുഖേനയാണ് സ്‌ഫോടകവസ്തു കടത്തിയതെന്നും കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനായി ക്വാറി ഉടമകള്‍ക്ക് വില്‍പ്പന നടത്താനാണ് സ്‌ഫോടകവസ്തു ഉപയോഗിക്കുന്നതെന്നുമാണ് പിടിയിലായ അഗസ്റ്റിന്‍ നല്‍കിയ മൊഴി. പിടികൂടിയ പ്രതിയേയും വാഹനവും സ്‌ഫോടകശേഖരവും എക്‌സൈസ് സംഘം ഇരിട്ടി പോലിസിനു കൈമാറി. ഇരിട്ടി പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.      ബംഗ്‌ലൂരുവില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നുണ്ടെന്ന പരാതി നിലനില്‍ക്കെയാണ് വന്‍ സ്‌ഫോടകശേഖരം പിടികൂടിയത്. ബംഗ്‌ലൂരുവില്‍ നിന്നും ലോറിയില്‍ നിരവധി ചെക്ക് പോസ്റ്റു കടന്ന് ഇത്രയും കൂടുതല്‍ സ്‌ഫോടകശേഖരം യാതൊരു പരിശോധനയും കൂടാതെ കേരളത്തിലെത്തിച്ചതിനു പിന്നില്‍ വന്‍ മാഫിയ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും ഉദ്യോഗസ്ഥ തലത്തില്‍ ഇത്തരം മാഫിയകള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഒരാഴ്ച മുമ്പ് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ബസ്സില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല. അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്‌ഫോടകശേഖര കടത്തിനു പിന്നിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരിട്ടി പോലീസ്…

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: