വജ്ര ജൂബിലി ഫെല്ലോഷിപ്പ്: ഗ്രാമ പഞ്ചായത്തുകളിൽ
കലാപരിശീലന കേന്ദ്രങ്ങൾ തുടങ്ങും

സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പഠിതാക്കളെ പരിശീലിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കലാകാരൻമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം.
യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് തലത്തിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത് കലാപഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഏറെ ഗുണകരമാകുമെന്ന് അവർ പറഞ്ഞു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച 50 കലാകാരൻമാരിൽ 40 പേർ യോഗത്തിൽ പങ്കെടുത്തു.
രണ്ടു വർഷമാണ് ഫെല്ലോഷിപ്പിന്റെ കാലാവധി. സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്കാരിക വകുപ്പിൽ നിന്ന് 10000 രൂപയും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 5000 രൂപയും ചേർന്ന് 15000 രൂപയാണ് കലാകാരൻമാർക്ക് നൽകുന്നത്. 2021 നവംബറിൽ കേരള കലാമണ്ഡലത്തിൽ നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കലാകാരൻമാരെ തെരഞ്ഞെടുത്തത്. ഇവർ ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ കീഴിലാണ് പ്രവർത്തിക്കുക. ഒരു പഞ്ചായത്തിൽ ഒരു പരിശീലന കേന്ദ്രമാണ് ഉണ്ടാവുക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണിത്. സൗജന്യ പരിശീലനത്തിന് പഠിതാക്കളെ ബ്ലോക്ക് പഞ്ചായത്ത് മുഖേന തെരഞ്ഞെടുക്കും. ചിത്രകല, കൂടിയാട്ടം, കഥകളി സംഗീതം, നാടൻപാട്ട്, കോൽക്കളി, തുള്ളൽ തുടങ്ങി 15 ലധികം കലാരൂപങ്ങളും ഓരോന്നിലും വിദഗ്ധരായ കലാകാരൻമാരുമാണ് പദ്ധതിയിലുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സാംസ്കാരിക വകുപ്പിന്റെ ജില്ലാതല കോ-ഓർഡിനേറ്റർ കെ മിനേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ രത്ന കുമാരി, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു.