കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, വോട്ടെണ്ണല്‍ മേയ് രണ്ടിന്

കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. മാർച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള തീയതി മാർച്ച് 22നാണ്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ്. അസമിൽ മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുക. എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടെ എണ്ണം 40,771 ആയി വർധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. ഒരു മണ്ഡലത്തിൽ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്.

കേരളത്തിലെ 140 മണ്ഡലങ്ങൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കു. ഓൺലൈനായും പത്രിക നൽകാം. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളിൽ അഞ്ച് വാഹനങ്ങൾ മാത്രമേ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഉത്സവം, പരീക്ഷ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: