എം വി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി; സംതൃപ്തി രേഖപ്പെടുത്തി മെഡിക്കൽ സംഘം

കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ജയരാജൻ. ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുളള പ്രത്യേക ഡോക്ടർമാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു.
ഐ സി യുവിൽ ചികിത്സയിലുളള ജയരാജനെ പരിശോധിച്ചശേഷം റിപ്പോർട്ട് സമർപ്പിച്ച മെഡിക്കൽ സംഘം, കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുളള സംഘവും പരിശോധന നടത്തിയിരുന്നു. ശ്വാസകോശവിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ എം അനന്തൻ, അനസ്തേഷ്യ വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ പി എം എ ബഷീർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് വിദഗ്ദ്ധ പരിശോധനയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിയത്. ന്യൂമോണിയ ബാധയെ തുടർന്ന് ജയരാജനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.