സംസ്ഥാനത്തെ ആദ്യശിശുക്ഷേമ സമിതി ബാലഭവന്‍ നാടിന് സമര്‍പ്പിച്ചു

ഭേദചിന്തയില്ലാത്തവരായി കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ശിശുക്ഷേമ സമിതി ബാലഭവന്‍ ലക്ഷ്യമിടുന്നതെന്നും കുഞ്ഞുങ്ങളെ സിലബസില്‍ തളച്ചിടുന്ന രീതി ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലാദ്യമായി തുടങ്ങിയ കണ്ണൂര്‍ ബാലഭവന്‍ മന്ദിരം പിണറായി പുത്തന്‍ കണ്ടത്ത് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും ഒന്നിനും നേരമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണ് ഓരോ കുഞ്ഞും പിറന്ന് വീഴുന്നത്. ഇത് കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നു. ബാല്യം ആസ്വാദ്യകരമാക്കുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാത്തവരായായി അവരെ വളര്‍ത്തുകയുമാണ് ബാലഭവന്‍ പോലുള്ള ശിശു സൗഹ്യദ സംവിധാനങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അണു കുടബവ്യവസ്ഥ കുട്ടികളിലെ ധാര്‍മ്മിക, നൈതിക മൂല്യങ്ങളില്‍ വലിയ ഇടിവാണുണ്ടാക്കിയത്. നിലവിലെ സാഹചര്യത്തില്‍ മാനസികോല്ലാസം വര്‍ദ്ധിപ്പിച്ച് കൊണ്ട് കുട്ടികളെ പൊതുധാരയിലേക്ക് ഉയര്‍ത്തുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ബാല ഭവന്റെ തടര്‍ വികസനത്തിനായി ശിശുക്ഷേമ സമിതി സമര്‍പ്പിച്ച നിവേദനം സമയബന്ധിതമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എരുവട്ടി വില്ലേജില്‍ ജലവിഭവ വകുപ്പ് വിട്ടുനല്‍കിയ 1.25 ഏക്കര്‍ സ്ഥലത്ത് കെ കെ രാഗേഷ് എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം ചെലവഴിച്ചാണ് ബാലഭവന്‍ നിര്‍മ്മിച്ചത്. അഞ്ച് ക്ലാസ് മുറികള്‍, സ്റ്റെയര്‍കേസ് റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടെ 292.97 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ബാലഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ ആരോഗ്യ വകുപ്പ്മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി നടത്തിയ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വ്വഹിച്ചു. കെ കെ രാഗേഷ് എം പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തംഗം കല്ലാട്ട് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം മുരിക്കോളി പവിത്രന്‍, പിണറായി ഗ്രാമപഞ്ചായത്തംഗം പി ബിന്ദു, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് അഴീക്കോടന്‍ ചന്ദ്രന്‍, ട്രഷറര്‍ ആര്‍ രാജു, ശിശുക്ഷേമ സമിതിജില്ലാ സെക്രട്ടറി പി സുമേശന്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി ബാലന്‍, ബിഡിഒ അഭിഷേക് കുറുപ്പ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി എന്‍ ചന്ദ്രന്‍, കെ ശശിധരന്‍, വി എ നാരായണന്‍, എന്‍ പി താഹിര്‍, ആര്‍ കെ ഗിരിധരന്‍ എന്നിവര്‍ സംസാരിച്ചു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ജെ എസ് ഷിജുഖാന്‍  സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ കോങ്കി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: