കൊട്ടിയൂരിൽ സംഘർഷത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്, ബി.ജെ.പിയുടെ ഓഫീസുകൾ തകർത്തു

കൊട്ടിയൂർ: കൊട്ടിയൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു.കൊട്ടിയൂർ ടൗണിലുള്ള ബി.ജെ.പി ഓഫീസും ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തകർത്തു.വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പരുക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), പുതനപ്ര അമൽ(23), നെല്ലോളിച്ചാലിൽ അശ്വിൻ(21), മനയ്ക്കാട്ട് വളപ്പിൽ വിഷ്ണു(23) എന്നിവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് പാലുകാച്ചിയിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് സംഘട്ടനവും അക്രമവും ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.കൊടിയുയർത്തുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പാലുകാച്ചിയിൽ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൊടി നിരവധി തവണ നശിപ്പിക്കപ്പെട്ടിരുന്നു.വ്യാഴാഴ്ചവൈകീട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പതാക ഉയർത്തി. പ്രതിഷേധ യോഗത്തിലേക്ക് ആർ.എസ്.എസ് പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നും പ്രതിഷേധയോഗത്തിനു ശേഷം അവിടെ സംസാരിച്ച് നിൽക്കുകയായിരുന്ന പ്രവർത്തകരെ അക്രമിച്ചുവെന്നുമാണ് ആരോപണം.

രാത്രി 10 മണിയോടെയാണ് ബി. ജെ.പിയുടെ ഓഫീസുകൾ തകർത്തത്. ഓഫീസ് തകർത്തത് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: