പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും  സര്‍ക്കാര്‍ മേഖലയിലാക്കും: ആരോഗ്യമന്ത്രി

തളിപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മികച്ചതാക്കും

പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനാവശ്യമായ ബില്‍ ജനുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സഹകര മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറുമ്പോള്‍ അതിന്റേതായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയമെടുക്കും. മെഡിക്കല്‍ വിദ്യാഭ്യാസം, സ്റ്റാഫ് പാറ്റേണ്‍, സാധാരണക്കാര്‍ക്ക് ലഭ്യമാകേണ്ട സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായി മന്ത്രി. 

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലെ വൈകല്യം നേരത്തേ കണ്ടെത്തി ചികില്‍സിക്കുന്നതിനുള്ള ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ഇവിടെ ആരംഭിക്കും. ഇതിനായി മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റ നിര്‍മ്മാണ പ്രവൃത്തി ഇന്ന് (ഡിസംബര്‍ 25) ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. 

ഇത് കൂടാതെ ആശുപത്രിയോടനുബന്ധിച്ച് വന്ധ്യതാ ചികിത്സാ കേന്ദ്രവും ആരംഭിക്കും. ഇതിനായി 74.85 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടു കൂടി ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികിത്സ സാധാരണക്കാരനും പ്രാപ്യമാകുന്ന രീതിയിലേക്ക് മാറും. കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂമും ഇവിടെ ഒരുക്കുന്നുണ്ട്. ഇതിനായി 1.3 കോടി രൂപ ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ചിട്ടുണ്ട്. ആശുപത്രിക്കായി മൂന്ന് നിലകളിലായി 45 മുറികളോട് കൂടിയ പേ വാര്‍ഡും നിര്‍മ്മിക്കും.  ഇതിനാവശ്യമായ പ്ലാനും എസ്റ്റിമേറ്റും 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: